Latest News

ഒരാളുടെ ജീവൻ വച്ച് കളിക്കരുത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള സിആർപിഎഫിന്റെ ‘ഇഡഡ് പ്ലസ്’ സുരക്ഷ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു

Savarkar, Uddhav Thackeray

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. നെഹ്‌റു കുടുംബത്തിനുള്ള എസ്‌പിജി സുരക്ഷ പിൻവലിച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെയാണ് ശിവസേനയുടെ വിമർശനം. തങ്ങളുടെ മുഖപത്രമായ സാംനയിലൂടെയാണ് ശിവസേന കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

ഡൽഹിയിലായാലും മഹാരാഷ്ട്രയിലായാലും രാഷ്ട്രീയക്കാർക്ക് അവരുടെ ചുറ്റുപാടിൽ സുരക്ഷിതത്വം അനുഭവപ്പെടണമെന്ന് ലേഖനത്തിൽ ശിവസേന പറയുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള സിആർപിഎഫിന്റെ ‘ഇഡഡ് പ്ലസ്’ സുരക്ഷയാണ് കേന്ദ്രം എടുത്തു കളഞ്ഞത്.

“പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാൻ തയ്യാറല്ല, ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് അവരുടെ യാത്രയും. ഇതിനർഥം നെഹ്‌റു കുടുംബത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പ്രസക്തമാണ് എന്നാണ്. ഉപയോഗിച്ച കാറുകൾ‌ അവരുടെ സുരക്ഷയ്ക്കായി അയയ്‌ക്കുന്നത്‌ ആശങ്ക ഉയർ‌ത്തുന്നു.” ഈ ആശങ്കകൾ പ്രസക്തമാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ശിവസേന മുഖപത്രം കൂട്ടിച്ചേർത്തു.

“ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാന്ധി കുടുംബത്തിനുള്ള ഭീഷണി കുറഞ്ഞു, അതിനാൽ എസ്പിജി കവർ പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ ആർക്കാണ് അങ്ങനെ തോന്നുന്നത്? അതൊരു വലിയ ചോദ്യമാണ്,” ലേഖനത്തിൽ പറയുന്നു.

“മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന് തോന്നി. ജനങ്ങൾ ഉണരുന്നതിനുമുമ്പ് രാഷ്ട്രപതിയുടെ ഭരണം മഹാരാഷ്ട്രയിൽ നിന്ന് പിൻവലിക്കുകയും ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാൽ അടുത്ത കുറച്ച് ദിവസത്തിനുള്ളിൽ ഫഡ്‌നാവിസ് രാജി നൽകി. അതിനാൽ ആഭ്യന്തര മന്ത്രാലയം പറയുന്ന കാര്യങ്ങളെ കുറിച്ച് ആശങ്കകൾ ഉണ്ട്,” സാംന എഡിറ്റോറിയലിൽ വ്യക്തമാക്കി.

“ഇന്ദിരാഗാന്ധിയെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനും രാജീവ് ഗാന്ധിയെ തീവ്രവാദികളും കൊലപ്പെടുത്തിയതിനെ തുടർന്നാണ് അവരുടെ കുടുംബത്തിന് സുരക്ഷ നൽകാൻ കാരണം. ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടായി. സർക്കാരിന് കോൺഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടാകാം. അഞ്ച് വർഷമായി നെഹ്‌റുവിനോടുള്ള വെറുപ്പ് പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.”

“എന്നാൽ ഒരിക്കലും ഒരു വ്യക്തിയുടെ ജീവൻ വച്ച് കളിക്കരുത്. ഇത് നെഹ്റു കുടുംബത്തിന്റെ മാത്രം കാര്യമല്ല, അവരുടെ സ്ഥാനത്ത് ആരായിരുന്നെങ്കിലും ഞങ്ങൾ ഇതേ നിലപാട് സ്വീകരിച്ചേനെ,” സാംന പറയുന്നു.

ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ എടുത്തുമാറ്റാൻ തീരുമാനിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ എടുത്തുമാറ്റി മാസങ്ങള്‍ക്ക് പിന്നാലെയായിരുന്നു പുതിയ നടപടി. മന്‍മോഹനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dont play with someones life shiv sena slams centre

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com