ചെന്നൈ: പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കമൽഹാസന്‍. പെരിയാറിന്റെ പ്രതിമ സംരക്ഷിക്കാന്‍ പൊലീസ് സേനയുടെ ആവശ്യമില്ലെന്നും തമിഴര്‍ അത് ചെയ്‌തോളും എന്നായിരുന്നു കമൽഹാസന്റെ പ്രതികരണം.

‘കോയമ്പത്തൂരിലെ പെരിയാറിന്റെ പ്രതിമയെ സംരക്ഷിക്കാന്‍ പൊലീസ് സുരക്ഷ വേണ്ട. ഞങ്ങള്‍ തമിഴ്‌നാട്ടുകാര്‍ അത് ചെയ്‌തോളും.’ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമൽഹാസന്‍. അതേസമയം, കാവേരി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിമ തകര്‍ക്കലടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയ്‌ക്കെതിരേയും ഉലകനായകന്‍ ആഞ്ഞടിച്ചു. ‘എച്ച്.രാജ ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അത് മതിയാകില്ല. അദ്ദേഹം മാപ്പ് ചോദിക്കണം. അംഗീകരിക്കാന്‍ കഴിയാത്ത ന്യായമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പക്ഷെ ബിജെപി അത് ചെയ്യുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.’ താരം പറയുന്നു.

നേരത്തെ തന്റെ പോസ്റ്റില്‍ ഖേദം രേഖപ്പെടുത്തി രാജ രംഗത്തെത്തിയിരുന്നു. തന്റെ സമ്മതമില്ലാതെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

രാജയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇ.വി.രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ത്തത്. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ പ്രതിമയാണ് തകര്‍ത്തത്.

ശക്തമായ പ്രതിഷേധമാണ് സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നുമുയരുന്നത്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ തമിഴ് നടന്‍ സത്യരാജ് രംഗത്തെത്തിയിരുന്നു. പെരിയാര്‍ കേവലമൊരു പ്രതിമയോ മനുഷ്യനോ അല്ലായെന്നും അതൊരു ആശയമാണെന്നുമായിരുന്നു സത്യരാജിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ