ശ്രീനഗർ: കശ്മീരിലേക്കുള്ള ഗവർണർ സത്യപാൽ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് വിമാനം അയച്ച് തരാമെന്ന് പറഞ്ഞ ഗവര്‍ണര്‍ക്ക് അദ്ദേഹം മറുപടിയും നൽകി. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിനോട്, തനിക്ക് വിമാനമല്ല, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെ കുറിച്ചും അക്രമങ്ങളെ കുറിച്ചും സംസാരിക്കുന്നതിന് മുമ്പ് ഇവിടെ വന്ന് കാര്യങ്ങള്‍ നിരീക്ഷിക്കൂ എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

കശ്മീരിലേക്ക് വരുന്നതിനായി രാഹുല്‍ ഗാന്ധിക്ക് വിമാനം അയച്ചു തരാമെന്നും ഗവര്‍ണര്‍ വാഗ്ദാനം നല്‍കിയിരുന്നു.

‘ഞങ്ങള്‍ക്ക് വിമാനത്തിന്റെ ആവശ്യമില്ല. എന്നാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന മുഖ്യധാരാ നേതാക്കളേയും ഞങ്ങളുടെ സൈനികരേയും കാണാനായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്,’ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്, ജമ്മു കശ്മീരില്‍ അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അവിടെ ചെന്ന് കാര്യങ്ങള്‍ വീക്ഷിക്കാനായി വിമാനം അയച്ചു തരാമെന്ന് രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ മറുപടി നല്‍കിയത്.

‘ഇവിടേക്ക് വരാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് സ്ഥിതിഗതികള്‍ വീക്ഷിക്കാന്‍ ഒരു വിമാനം അയച്ചു തരാം. നിങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ഒരാളാണ്, ഇങ്ങനെ സംസാരിക്കരുത്,’ എന്നായിരുന്നു മാലിക് പറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനത്തെ ന്യായീകരിച്ച ഗവര്‍ണര്‍, ഈ നീക്കത്തിന് സാമുദായിക കോണുകളില്ലെന്നും പറഞ്ഞു.

‘വിദേശ മാധ്യമങ്ങള്‍ ഒരു ശ്രമം നടത്തി, ഞങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും നിങ്ങള്‍ക്കായി തുറന്നിരിക്കുന്നു, ഒരു വ്യക്തിക്ക് പോലും വെടിയേറ്റിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുക. അക്രമം നടക്കുമ്പോള്‍ നാല് പേര്‍ക്ക് മാത്രമാണ് കാലില്‍ പെല്ലെറ്റുകള്‍ തുളഞ്ഞത്. ആര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

കശ്മീര്‍ താഴ്വരയെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപ് ആക്കി മാറ്റിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിന്റെ അര്‍ത്ഥം ആളുകള്‍ക്ക് അറിയില്ലെന്ന് പറഞ്ഞു.

‘അതെന്താണെന്ന് എനിക്കറിയാം. ഞാന്‍ 30 തവണ ജയിലില്‍ പോയിട്ടുണ്ട്. എന്നിട്ടും ഞാന്‍ അതിനെ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാംപ് എന്നി വിളിക്കില്ല. അവര്‍ (കോണ്‍ഗ്രസ്) അടിയന്തരാവസ്ഥയില്‍ ഒന്നരവര്‍ഷത്തോളം ആളുകളെ തടവിലാക്കി, പക്ഷേ ആരും അതിനെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ എന്ന് വിശേഷിപ്പിച്ചില്ല. ഗവര്‍ണര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook