മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ നടപടികളുമായി മുംബൈ പൊലീസ്. വ്യായാമത്തിനോ ഷോപ്പുകളോ സലൂണുകളോ സന്ദർശിക്കുന്നതിനായി വീടുകളുടെ രണ്ട് കിലോമീറ്റർ പരിധിക്കപ്പുറത്തേക്ക് പോകരുതെന്ന് താമസക്കാരോട് മുംബൈ പൊലീസ് ഉത്തരവിട്ടു.
ഓഫീസിലോ മെഡിക്കൽ അത്യാഹിതങ്ങൾക്കോ മാത്രമേ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് നീങ്ങാൻ അനുമതിയുള്ളൂവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഷോപ്പിംഗിനായി ഈ പരിധിക്കപ്പുറത്തേക്ക് നീങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
Read More: പ്രായം കുറഞ്ഞ കോവിഡ് ബാധിതരിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും
വ്യക്തിപരമായ സുരക്ഷയും സാമൂഹിക അകലം സംബന്ധിച്ച മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുംബൈ പോലീസ് ജീവനക്കാരോട് അഭ്യർത്ഥിച്ചു, അല്ലാത്തപക്ഷം കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഒന്നിനും പുറത്ത് പോകരുത് എന്നും നിർദേശമുണ്ട്.
“പുറത്തേക്ക് പോകുമ്പോൾ, മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്, ആളുകൾ മാർക്കറ്റുകൾ, സലൂണുകൾ, ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക് പോകുകയാണെങ്കിൽ, അത് താമസസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തും,” ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം ദിവസവും 5,000 ത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,59,133 ആയി. മുംബെെയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 74,252 പേർക്കാണ്. ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 80,000 കടന്നു.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിച്ച കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടമാവുന്നതായി റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുംബൈയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളിലാണ് ഈ രോഗലക്ഷണങ്ങൾ പ്രകടമായത്. യുഎസ്, ബ്രിട്ടൺ, സ്പെയിൻ, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് രോഗികളിൽ കാവസാകി രോഗത്തിന് സമാനമായ ലക്ഷണങ്ങൾ കാണുന്നത് ഇതാദ്യമായാണ്.
Read More: ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് കോവിഡ് രോഗികൾ; എട്ട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷം
മുബൈയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വാരം പ്രവേശിപ്പിച്ച അത്തരത്തിലുള്ള 14 വയസ്സുകാരിക്ക് കാവസാക്കി രോഗത്തിലേതിന് സമാനമായി ശരീരത്തിൽ ചുണങ്ങുകളും കടുത്ത പനിയും അടക്കമുള്ള രോഗ ലക്ഷണങ്ങളാണുണ്ടായിരുന്നത്. പിന്നീട് പരിശോധനയിൽ ഇവർക്ക് കോവിഡ് കണ്ടെത്തി. ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് കുട്ടിയെ വെള്ളിയാഴ്ചയോടെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
രാജ്യത്ത് ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി.