ന്യൂഡൽഹി: രാജ്യത്ത് സിനിമ ശാലകളിൽ ദേശീയ ഗാനം ആലപിക്കുന്നത് അവസാനിപ്പിച്ചേക്കും. ഏതൊക്കെ അവസരങ്ങളിൽ ദേശീയ ഗാനം ആലപിക്കാമെന്ന് പരിശോധിച്ച കേന്ദ്ര സമിതി സിനിമ ശാലകളിലെ ദേശീയ ഗാനാലാപനത്തിന് എതിരെ നിലപാട് എടുത്തു.
ദേശീയ ഗാനത്തിന് ബഹുമാനം നൽകുകയല്ല സിനിമാ ശാലകളിലെ ഗാനാലാപനത്തിലൂടെ ഉണ്ടാകുന്നതെന്ന് സമിതി വിലയിരുത്തി. ആറ് മാസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് സമയം അനുവദിച്ചത്. 2017 ഡിസംബർ അഞ്ചിനായിരുന്നു സമിതിയെ നിയോഗിച്ചത്.
പ്രധാനമന്ത്രി ഓൾ ഇന്ത്യ റേഡിയോ വഴി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപും ശേഷവും ദേശീയ ഗാനം ആലപിക്കണമെന്ന നിർദ്ദേശം സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കുന്ന ഔദ്യോഗിക യോഗങ്ങളിൽ ഗാനം ആലപിക്കണം.
സ്കൂളുകളിൽ രാവിലത്തെ അസംബ്ലിയുടെ ആരംഭത്തിൽ ദേശീയ ഗാനം ആലപിക്കണം തുടങ്ങിയ നിർദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചത്. അതേസമയം കേന്ദ്ര സർക്കാരിൽ നിന്ന് സമിതിക്ക് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഒക്ടോബറില്‍ “എന്തിനാണ് ജനങ്ങള്‍ അവരുടെ കുപ്പായകൈകളില്‍ ദേശസ്നേഹം പതിപ്പിക്കുന്നത്” എന്ന് ചോദിച്ചിരുന്നു.