ന്യൂഡല്‍ഹി: കോവിഡിനെതിരെ ജാഗ്രത ഉപേക്ഷിക്കരുതെന്നും അര്‍ഹരായ എല്ലാവരും വാക്സിനെടുക്കണമെന്നും മറ്റുള്ളവരെ പ്രചോദിപ്പിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രം നമുക്ക് നല്കുന്ന സാധ്യമായ ഏറ്റവും മികച്ച സംരക്ഷണമാണ് വാക്സിനുകളെന്നും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു.
മഹാമാരിയുടെ തീവ്രത കുറഞ്ഞുവരികയാണെങ്കിലും വൈറസ് പൂര്‍ണമായി വിട്ടുപോയിട്ടില്ല. ഈ വര്‍ഷമുണ്ടായ രണ്ടാം തരംഗത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് നാം പൂര്‍ണമുക്തി നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നാം ഒറ്റക്കെട്ടായി നടത്തിയ അസാധാരണമായ പരിശ്രമങ്ങളിലൂടെ, അണുബാധയുടെ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതില്‍ വിജയിച്ചു. നമ്മുടെ ശാസ്ത്രജ്ഞര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ വിജയിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും പ്രതീക്ഷയ്ക്ക് കാരണങ്ങളുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം രാജ്യത്ത് ആരംഭിച്ചു. എങ്കിലും പുതിയ വകഭേദങ്ങളും മറ്റ് അപ്രതീക്ഷിത ഘടകങ്ങളും കാരണം രണ്ടാം തരംഗത്തില്‍ നാം കഷ്ടപ്പെട്ടു. അഭൂതപൂര്‍വമായ പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയാത്തതിലും വളരെയധികം പേര് കഷ്ടതകള്‍ അനുഭവിക്കുന്നതിലും താന്‍ അതീവ ദു:ഖിതനാണ്. നഷ്ടമുണ്ടായ എല്ലാ കുടുംബങ്ങളുടെയും ദുഖത്തില്‍, അതേ തീവ്രതയില്‍ പങ്കുചേരുന്നു.
അതിഭീകരനായ ഈ അദൃശ്യ ശത്രുവിനെ അസാമാന്യ വേഗത്തിലാണ് ശാസ്ത്രം നേരിടുന്നത്. നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കപ്പെട്ടുവെന്നതില്‍ നമുക്ക് ആശ്വസിക്കാം. വെല്ലുവിളിയെ മറികടക്കാനുള്ള കൂട്ടായ ദൃഢനിശ്ചയമാണ് രണ്ടാം തരംഗത്തെ ദുര്‍ബലമാക്കാന്‍ സഹായിച്ചത്. രണ്ടാം തരംഗം പൊതുജനാരോഗ്യ പശ്ചാത്തലസൗകര്യത്തെ സമ്മര്‍ദത്തിലാക്കി. ഇത്രയും വലിയ അനുപാതത്തിലുള്ള പ്രതിസന്ധിയെ നേരിടാന്‍ ഒരു അടിസ്ഥാനസൗകര്യത്തിനും വികസിത സമ്പദ്വ്യവസ്ഥകള്‍ക്ക് പോലും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ അസാധാരണമായ ദൗത്യത്തില്‍, ഇന്ത്യ പല രാജ്യങ്ങള്‍ക്കും മരുന്നും ഉപകരണങ്ങളും വാക്സിനുകളും എത്തിച്ച് കൊടുത്തതുപോലെത്തന്നെ വിദേശരാജ്യങ്ങളും അവശ്യസാധനങ്ങള്‍ ഉദാരമായി പങ്കുവച്ചു. നമ്മുടെ രാജ്യത്ത് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് സംഘടിതപ്രവര്‍ത്തനത്തിന് കീഴില്‍, ഇതുവരെ 50 കോടിയിലധികം പേര്‍ക്കു വാക്സിന് നല്കി.
എല്ലാ കോവിഡ് പോരാളികള്‍ക്കും ഗാഢമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പോരാട്ടത്തിനിടെ മരണത്തിനു കീഴടങ്ങിയവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. മഹാമാരിയുടെ സാമ്പത്തിക ആഘാതം അതിന്റെ ആരോഗ്യപ്രഭാവം പോലെ തന്നെ വിനാശകരമാണ്. താഴ്ന്ന ഇടത്തരക്കാരെയും പാവപ്പെട്ടവരെയു കുറിച്ചും അതുപോലെത്തന്നെ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും കുറിച്ചും സര്‍ക്കാര്‍ ആശങ്കാകുലരാണെന്നു രാഷ്ട്രപതി പറഞ്ഞു. ഇത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള പദ്ധതികൾ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Also Read: ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അവിസ്മരണീയമാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗഗന്യാന് ദൗത്യമായിരിക്കും അവയില്‍ ഏറ്റവും ആവേശകരം. വ്യോമസേനാ പൈലറ്റുമാര്‍ വിദേശത്തു പരിശീലനം നേടുകയാണ്. അവര്‍ ബഹിരാകാശത്തേക്കു പറക്കുമ്പോള്‍, മനുഷ്യ ബഹിരാകാശ ദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ജമ്മു കാശ്മീരില്‍ പുതിയ പുലരി ഉദിക്കുകാണെന്നും ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള എല്ലാ പങ്കാളികളുമായും സര്‍ക്കാര്‍ കൂടിയാലോചന പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് താമസിയാതെ പുതിയ മന്ദിരത്തിലേക്കു മാറ്റിസ്ഥാപിക്കുമെന്നത് ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനകരമാണെന്നും ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയെയും ദേശീയപ്രസ്ഥാനത്തെയും അനുസ്മരിച്ച രാഷ്ട്രപതി, പാരമ്പര്യങ്ങളുടെ ബഹുസ്വരത കാത്തുസൂക്ഷിക്കുകയും ഏറ്റവും വലുതും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ ആസ്ഥാനമായി തുടരുകയും ചെയ്യുന്ന ഇന്ത്യയെന്ന അത്ഭുതത്തെ ലോകം ഉറ്റുനോക്കുകയാണെന്നും പറഞ്ഞു.
Also Read: ‘സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം;’ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി