ന്യൂഡല്‍ഹി: രാജ്യത്ത് ഇടതും വലതും മധ്യത്തിലും സ്ത്രീപീഡനം അരങ്ങേറുകയാണെന്ന് സുപ്രീം കോടതി. രാജ്യത്തെ പീഡന ഇരകളുടെ ചിത്രങ്ങള്‍ ഒരു വിധേനയും ഉപയോഗിക്കരുതെന്നും കോടതി മാധ്യമങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. ‘പത്ര-ദൃശ്യ-സോഷ്യൽ മീഡിയ എന്നിവയില്‍ പീഡനം അതിജീവിച്ചവരുടെ മോര്‍ഫ് ചെയ്തതോ, വ്യക്തമായതോ അവ്യക്തമായതോ ആയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത്’, കോടതി വ്യക്തമാക്കി.

ലൈംഗികപീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്തവരെ അഭിമുഖം നടത്തുന്നതും കോടതി വിലക്കി. മാനസികപീഡനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. രാജ്യത്തെ അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാവുന്നത് തടയാനുളള കരുതല്‍ നടപടികള്‍ എടുക്കാനും കോടതി കേന്ദ്രത്തിന് നിർദ്ദേശം നല്‍കി. കേന്ദ്ര ബാലാവകാശ കമ്മീഷന് മാത്രമേ പീഡനത്തിന് ഇരയായ കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുകയുളളൂവെന്നും കോടതി വ്യക്തമാക്കി.

ബിഹാര്‍ അഭയ കേന്ദ്രത്തില്‍ നടന്ന പീഡനത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ നടത്തിയ ഇടപെടലിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം വിഷയത്തില്‍ രാഷ്ട്രീയ ലാക്കോടെ ഇടപെടരുതെന്ന് കോടതി തുറന്നടിച്ചു. ബിഹാറിലെ മുസഫര്‍പൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ 40 പെണ്‍കുട്ടികളാണ് ലൈംഗികപീഡനത്തിന് ഇരയായത്. അഭയകേന്ദ്രം ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടികളുടെ മൊഴി പുറത്തുവന്നിരുന്നു.

ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഒരു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി മർദ്ദിച്ച്‌ കൊന്ന് കത്തിച്ചുവെന്നും മൃതദേഹം അഭയകേന്ദ്രത്തിന്റെ മുറ്റത്തു തന്നെ കുഴിച്ചു മൂടിയെന്നും മൊഴിയുണ്ട്. മൊഴി പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അഭയ കേന്ദ്രത്തിന്റെ മുറ്റം കുഴിച്ച്‌ പരിശോധന തുടങ്ങിയിരുന്നു. അതേസമയം വൈദ്യപരിശോധനയില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. 44 പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ അന്തേവാസികളായുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook