ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമല്ലാത്ത നയങ്ങൾ കാരണമാണ് ചൈനയും പാകിസ്ഥാനും എക്കാലത്തേക്കാളും അടുത്ത് നില്ക്കുന്നതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ അമേരിക്കയ്ക്ക് അംഗീകരിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ്. ലോക് സഭയിലെ രാഹുലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രൈസ്.
“ചൈനയിലേയും പാക്കിസ്ഥാനിലേയും ജനങ്ങളാണ് അവരുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കേണ്ടത്. അത്തരം പരാമര്‍ശങ്ങളെ തീര്‍ച്ചയായും ഞാന്‍ അംഗീകരിക്കില്ല,” പ്രൈസ് വ്യക്തമാക്കി. അമേരിക്ക ഒറ്റപ്പെടുത്തുന്നതുകൊണ്ടാണോ ചൈനയും പാക്കിസ്ഥാനും കൂടുതല്‍ അടുക്കുന്നതെന്നും പ്രൈസിന് നേരെ ചോദ്യം ഉയര്‍ന്നു.
“ഒരു രാജ്യവും ചൈനയോ അമേരിക്കയോ എന്നതില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ളതാണ്. അമേരിക്കയുമായി ഒരു ബന്ധത്തിലേക്ക് എത്തുമ്പോള്‍ മാത്രമെ ഒരു തിരഞ്ഞെടുപ്പിലേക്കെത്താനുള്ള സാഹചര്യം ഉണ്ടാകുന്നുള്ളു. അമേരിക്കയുമായുള്ള സൗഹൃദം കൊണ്ട് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മറ്റ് പങ്കാളിത്തത്തിലൂടെ ലഭിക്കണമെന്നില്ല,” പ്രൈസ് വിശദീകരിച്ചു.
“പാകിസ്ഥാൻ അമേരിക്കയുടെ തന്ത്രപ്രധാനമായ പങ്കാളിയാണ്. ഇസ്ലാമാബാദിലെ സർക്കാരുമായി ഞങ്ങൾക്ക് ഒരു സുപ്രധാന ബന്ധമുണ്ട്. അത് ഞങ്ങള്‍ വളരെയധികം വിലമതിക്കുന്ന ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലൊചിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് ചൈന ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചതിന് പിന്നാലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയുമായുള്ള പാകിസ്ഥാന്റെ സഖ്യം വളർന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളാണ് ചൈനയും പാക്കിസ്ഥാനും.
Also Read: യുഎഇയില്‍ ഹൂതി ആക്രമണം: മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം