Latest News

മലയാളം സംസാരിക്കുന്നതില്‍ വിലക്ക്; വിചിത്ര ഉത്തരവ് പിന്‍വലിച്ച് ആശുപത്രി അധികൃതര്‍

മലയാളി നഴ്സുമാര്‍ക്ക് പരസ്പരം മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്

Delhi Nurse, GIPMER, Kerala Nurse

ന്യൂഡല്‍ഹി: മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് ഗോവിന്ദ് ബല്ലാ പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ജി.ഐ.പി.എം.ഇ.ആര്‍) ആശുപത്രി അധികൃതര്‍. സൂപ്രണ്ട് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. ദേശിയ തലത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. സീതാരാം യെച്ചുരി, രാഹുല്‍ ഗാന്ധി, ശശി തരൂര്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ വിചിത്ര ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.

മലയാളി നഴ്സുമാര്‍ക്ക് പരസ്പരം മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. നഴ്സുമാര്‍ ആശയവിനിമയം നടത്താന്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി മാത്രം ഉപയോഗിക്കണമെന്നായിരുന്നു ഉത്തരവ്. അനുസരിക്കാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

“ആശുപത്രിയിലെ ജോലി സ്ഥലങ്ങളില്‍ ആശയവിനിമയം നടത്താന്‍ വ്യാപകമായി മലയാളം ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം അറിയാത്തതിനാല്‍ ബുദ്ധിമുട്ട് നേരിടുന്നു. അതിനാല്‍ ഇംഗ്ലീഷോ ഹിന്ദിയോ മാത്രം ഉപയോഗിക്കുക, അല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരും,” നഴ്സിങ് സൂപ്രണ്ടിന്റെ ഉത്തരവില്‍ പറയുന്നു.

ഇത്തരത്തിലൊരു ആരോപണം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് പറഞ്ഞു. “ഒരു രോഗി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് വന്നതെന്നാണ് അറിയിച്ചത്. ഇത് തെറ്റായ കാര്യമാണ്. ഇവിടെ 60 ശതമാനം നഴ്സുമാരും മലയാളികളാണ്, പക്ഷെ ഞങ്ങളില്‍ ആരും രോഗികളോട് മലയാളത്തില്‍ ഇടപെടാറില്ല. മണിപ്പൂരില്‍ നിന്നും പഞ്ചാബില്‍ നിന്നും ഉള്ളവരുണ്ട്. അവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ അവരുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. ഒരിക്കലും ഇത് പ്രശ്നമായിട്ടില്ല,” അവര്‍ വ്യക്തമാക്കി.

Also Read: കോവിഡ്-19 ഡെൽറ്റ വകഭേദം എന്താണ്; എന്തുകൊണ്ട് ആശങ്ക ഉയർത്തുന്നു?

അതേസമയം, ഡല്‍ഹിയിലെ എയിംസ്, എല്‍.എന്‍.ജെ.പി, ജി.ടി.ബി എന്നീ ആശുപത്രികളിലെ മലയാളി നഴ്സുമാര്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചു. മലയാളം വിലക്കിക്കൊണ്ടുള്ള ഓര്‍ഡറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ആരംഭിക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ് എംപി ശശീ തരൂര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. “ജനാധിപത്യ ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്സുമാരോട് അവരുടെ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പറുയന്നത് ആശങ്കയുളവാക്കുന്നു. ഇത് അംഗീകരിക്കാനാകാത്തതും, അപരിഷ്കൃതവും, മനുഷ്യാവകാശ ലംഘനവുമാണ്,” ട്വിറ്ററിലൂടെയാണ് തരൂരിന്റെ വിമര്‍ശനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dont converse in malayalam stick to hindi english says delhi govt hospital

The moderation of comments is automated and not cleared manually by malayalam.indianexpress.com