ഛണ്ഡീഗഡ്: തന്നെ അഭിസംബോധന ചെയ്യുമ്പോൾ ‘മിലോഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ തുടങ്ങിയ പദങ്ങൾ ഒഴിവാക്കണമെന്ന് അഭിഭാഷകരോട് ജസ്റ്റിസ് എസ്.മുരളീധർ. അടുത്തിടെയാണ് അദ്ദേഹത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

“ബാറിലെ ബഹുമാന്യരായ അംഗങ്ങളുടെ അറിവിലേക്ക്, അദ്ദേഹത്തെ ‘മിലോഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ബഹുമാനപ്പെട്ട ജസ്റ്റിസ് എസ്.മുരളീധർ അഭ്യർത്ഥിച്ചിട്ടുണ്ട്,” പ്രസ്താവനയിൽ പറയുന്നു.

Read More: ജസ്റ്റിസ് എസ് മുരളീധര്‍: നീതി ന്യായത്തിന്റെ ആള്‍രൂപം

ഏതാനും വർഷങ്ങൾക്കുമുമ്പ്, ഛണ്ഡീഗഡിലെ ഹൈക്കോടതി ബാർ അസോസിയേഷൻ അവിടുത്തെ അംഗങ്ങളോട് ജഡ്ജിമാരെ “സർ” എന്നോ “യുവർ ഓണർ” എന്നോ അഭിസംബോധന ചെയ്യാൻ നിർദേശിച്ചിരുന്നുവെങ്കിലും നിരവധി അഭിഭാഷകർ ഇപ്പോഴും ‘യുവർ ലോർഡ്ഷിപ്പ്’ പോലുള്ള​ പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.

മാർച്ച് ആറിനാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് മുരളീധർ (58) സത്യപ്രതിജ്ഞ ചെയ്തത്.

ഫെബ്രുവരി 26 നാണ് അദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത്. അന്നേ ദിവസം വിദ്വേഷ പ്രസംഗം നടത്തിയ മൂന്ന് ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടതിൽ അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രശസ്തമായ നിരവധി കേസുകളിലൂടെ തന്റെ പ്രവര്‍ത്തനം ജസ്റ്റിസ് മുരളീധര്‍ ഹൈക്കോടതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 2009 ല്‍ സ്വവര്‍ഗരതി കുറ്റമല്ലെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എ.പി.ഷായ്ക്കൊപ്പമുള്ള ബഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook