ദില്ലി: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെ പേരില്‍ വിമര്‍ശിച്ച അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ച് പാക്കിസ്ഥാന്‍. ഹാഫിസ് സയീദിനെ പോലുളള ഭീകരരുടെ പേരില്‍ അമേരിക്കയ്ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാവില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കുറച്ച് കാലം മുമ്പ് വരെ ഇത്തരം ആള്‍ക്കാരെ അമേരിക്ക ‘പ്രിയ്യപ്പെട്ടവര്‍’ ആയിട്ടായിരുന്നു കണക്കാക്കിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഹാഫിസ് സയീദിനെ പോലുളളവര്‍ ഞങ്ങള്‍ക്ക് ബാധ്യതയാണ്. അത് ഞാന്‍ സമ്മതിക്കുന്നു, എന്നാല്‍ ഈ ബാദ്ധ്യത തുടച്ചുനീക്കാന്‍ സമയം വേണം. ഇപ്പോള്‍ ഈ ബാദ്ധ്യത തുടച്ചുനീക്കാനുളള ആസ്തി ഞങ്ങളുടെ പക്കലില്ല”, അദ്ദേഹം പറഞ്ഞു.

ഹാഫിസ് സയീദിന്‍റെ ലഷ്കര്‍ ഇ ത്വയ്ബ നിരോധിക്കപ്പെട്ടേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച പാക് വിദേശകാര്യമന്ത്രി ഹാഫിസ് സയീദ് ജയിലിലാണെന്നും പറഞ്ഞു. ഭീകരസംഘടനയ്ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഖ്വാജ സമ്മതിക്കുന്നുണ്ട്. സംഘടന പാകിസ്താനും ദക്ഷിണേഷ്യന്‍ മേഖലയ്ക്കും പ്രതിസന്ധിയാവുമ്പോള്‍ വലിയ ബാധ്യതയായി മാറുന്നുവെന്നും ഇക്കാര്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുനിന്ന് ഭീകരവാദം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തിവരികയാണെന്നും കഴിഞ്ഞ 20 വര്‍ഷമായി തങ്ങള്‍ നേരിടുന്ന ഭീകരവാദ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുമായുള്ള ചങ്ങാത്തമാണെന്നും ഖ്വാജ കുറ്റപ്പെടുത്തി.

1980ല്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് റഷ്യയ്ക്കെതിരെ അമേരിക്ക ആഭ്യന്തര യുദ്ധത്തെ പ്രോത്സാഹിപ്പിച്ചത് തെറ്റായിപ്പോയെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവന്നത് പാകിസ്താനാണെന്നും ഖ്വാജ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് പാകിസ്താന്‍ ജിഹാദികളുടെ താവളമായി മാറുന്നതിന് വഴിവെച്ചതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ