ജയ്പുര്‍: രാജസ്ഥാനില്‍ കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. പശുവിനെ കടത്തുകയാണെന്ന് കരുതിയെത്തിയ സംഘമാണ് ബാര്‍മറില്‍ നിന്ന് വാഹനത്തിലുള്ളവരെ മര്‍ദ്ദിച്ചത്. എന്നാല്‍ വാഹനത്തിനുള്ളില്‍ കഴുതയാണെന്ന് വ്യക്തമായതോടെ സംഘം സ്ഥലത്ത് നിന്നു രക്ഷപ്പെടുകയും ചെയ്തെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജലോര്‍ ജില്ലയിലെ സയ്‌ലയിലുള്ള കാന്തിലാല്‍ ഭീലിന്റെ കഴുതയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു. ഭീല്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത സിന്ധരി പ്രദേശത്തെ ഒരു ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുനടക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹവും സുഹൃത്തുക്കളും അവിടെയെത്തി കഴുതയെ വാഹനത്തില്‍ കയറ്റി വീട്ടിലേക്ക് തിരിച്ചു.

കഴുതയുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതുകണ്ട ഗോ രക്ഷാ പ്രവര്‍ത്തകര്‍ മറ്റൊരു വാഹനത്തില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ തടഞ്ഞുനിര്‍ത്തിയ സംഘം ക്രൂര മര്‍ദ്ദനത്തിനും ഇരയാക്കി. ഇതിനിടെ വാഹനത്തിലുള്ളത് കഴുതയാണെന്ന് വ്യക്തമായതോടെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പുള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഡി.എസ്.പി രംനിവാസ് സുന്ദയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ