വെനസ്വലയ്ക്ക് എതിരെ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഈ സൈനിക നീക്കം സാമ്പത്തിക തകർച്ചയിൽ നട്ടം തിരിയുന്ന വെനസ്വല പ്രസിഡന്റ് നിക്കോളാസ് മഡുരോയ്ക്ക് ഉള്ള ആജീവനാന്ത രാഷ്ട്രീയ സുരക്ഷയാകുമെന്നാണ് വിലയിരുത്തുന്നത്.

ഹ്യൂഗോ ഷാവേസ് ആരംഭിച്ച സാമ്പത്തിക പരിഷ്കാര നടപടികളാണ് മഡുരോയും തുടരുന്നത്. വെനസ്വലയുടെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി അമേരിക്കയെ ആണ് വെനസ്വല സർക്കാർ കുറ്റപ്പെടുത്തിയത്. വെനസ്വയുടെ എണ്ണപ്പാടങ്ങൾ കവരാനാണ് അമേരിക്ക ദീർഘകാലമായി ശ്രമിക്കുന്നതെന്ന് ഹ്യൂഗോ ഷാവേസും നിക്കോളാസ് മഡുരോയും പ്രചരിപ്പിച്ചിരുന്നു.

വെനസ്വലയിലെ സാമൂഹിക പ്രതിസന്ധികൾ കാരണമായി കാണിച്ച് സൈനിക നീക്കം ലക്ഷ്യമിടുന്നതായി അമേരിക്കൻ പ്രസിഡന്റ് പറഞ്ഞിരുന്നു. ഇത്ര കാലവും അമേരിക്കയെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വെനസ്വല സർക്കാരിന്റെ ആരോപണങ്ങളെ പരിഹസിച്ച പ്രതിപക്ഷം പോലും മിണ്ടാതെയായി.

“മഡുരോയെ രാഷ്ട്രീയമായി സഹായിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്”, എന്നാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ആരോപണം. സാമ്പത്തിക തകർച്ചയ്ക്ക് സർക്കാരിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷമാണ് അമേരിക്ക സൈനിക നീക്കത്തിന് ശ്രമിക്കുന്നുവെന്ന ആരോപണത്തോടെ പ്രതിസ്ഥാനത്തായത്. ദേശീയ വികാരത്തെ ഇനിയും തങ്ങൾക്കനുകൂലമാക്കി നിർത്താൻ ഇതോടെ ഷാവേസിന്റെ പാർട്ടിക്ക് സാധിക്കും.

അമേരിക്ക വെനസ്വലയെ ആക്രമിക്കില്ലെന്നും, എന്നാൽ ഈ പ്രസ്താവന രാഷ്ട്രീയമായി ഭരണപക്ഷം ആയുധമാക്കുമെന്നും പ്രതിപക്ഷത്തെ പ്രമുഖനായ നേതാവ് ലൂയി ആൽബർട്ടോ റോഡ്രിഗസ് പറഞ്ഞു.

അതേസമയം സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കിക്കൊള്ളാനാണ് മഡുരോയുടെ മകൻ നിക്കോളാസ് (ഇരുവരുടെയും പേര് ഒന്നാണ്) ഇന്നലെ പ്രതികരിച്ചത്. വെനസ്വല ഭരണഘടന തിരുത്തിയെഴുതുന്നതിനായി രൂപീകരിച്ച പ്രതിനിധി സഭയിലെ അംഗമാണ് ഇദ്ദേഹം. വെനസ്വലയ്ക്ക് എതിരായ നീക്കമായാണ് ഭരണപക്ഷം ഇപ്പോൾ സംഭവം പ്രചരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ