ലണ്ടന്‍: അഭയാർഥികൾക്കും ഏഴു രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ഒരു തുടക്കം മാത്രമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ പുതിയ നയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സംഘടന ബ്രിട്ടനോട് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്നീട് സ്ഥിരമാക്കുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് ആംനെസ്റ്റി ആശങ്കപ്പെടുന്നത്.

അമേരിക്ക നടപ്പിലാക്കിയ പുതിയ നടപടി മറ്റു രാജ്യങ്ങളും കൈക്കൊണ്ടേക്കുമെന്ന ആശങ്ക ഉള്ളതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കൈറ്റ് അലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നത്. അഭയാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അമേരിക്കയുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നു. നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും അമേരിക്കയുടെ നയത്തെ ബ്രിട്ടന്‍ എതിര്‍ക്കണമെന്നും കൈറ്റ് അലന്‍ പറഞ്ഞു.

ഇതിനിടെ അമേരിക്കന്‍ അറ്റോർണി ജനറൽ സാലി യേറ്റ്സിനെ തൽസ്ഥാനത്ത് നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനെ കോടതിയിൽ പ്രതിരോധിക്കാന്‍ മടിച്ചതിനാണ് നടപടി.

അറ്റോർണി ജനറൽ സാലി യേറ്റ്സ് യുഎസ് നീതിന്യായ വകുപ്പിനെ വഞ്ചിച്ചിരിക്കുകയാണെന്നും അമേരിക്കൻ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും വൈറ്റ് ഹൌസ് പ്രസ്താവനയിൽ പറഞ്ഞു. തുടര്‍ന്ന് ഡാന ബൊനെറ്റിന് അറ്റോണി ജനറലിന്റെ താൽകാലിക ചുമതല നല്‍കി.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook