വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പദ്ധതി മൂന്നു ലക്ഷത്തിലധികം അമേരിക്കന്‍ ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്.

ക്രിമിനല്‍ കേസ് ചുമത്തപ്പെടുന്നവരെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ് ഉത്തരവെങ്കിലും മറ്റു നിസാര കേസുകളിലും നിയമം കര്‍ശനമാക്കാന്‍ ഭരണകൂടം ഒരുങ്ങിയേക്കും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരുത്തിയ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമത്തില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ പോലുള്ള നിസാര കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരെപ്പോലും നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തണമെന്നാണ് നിര്‍ദേശം നല്‍കിയത്.

നിയമവിരുദ്ധമായി കുടിയേറിയ 11 മില്യണ്‍ ആളുകളെ പുറത്താക്കുന്നതിനു രണ്ട് ഉത്തരവുകളാണ് ഇതുവരെ ഇറക്കിയത്. രാജ്യത്തു നിയമവിരുദ്ധമായി താമസിക്കുന്നവര്‍, നിസാര കുറ്റകൃത്യം ചെയ്തതായി കേസ് ചുമത്തപ്പെടുന്നവര്‍ തുടങ്ങിയവരെ അവരുടെ രാജ്യത്തേക്കു തിരിച്ചയയ്ക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്നവരുടെ കാര്യത്തില്‍ മാത്രമായിരുന്നു ഇതുവരെ നിയമം കര്‍ശനമാക്കിയിരുന്നത്. ഇതാണ് പുതിയ തിരുത്തോടെ പരിഷ്കരിച്ചത്. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ