ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ നിലവറയില്‍ ഒളിച്ചു. ഹോളിവുഡ് സിനിമകളില്‍ യുഎസ് പ്രസിഡന്റും വൈറ്റ് ഹൗസും ഭീകരാക്രമണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് അടക്കമുള്ള ഉന്നത നേതൃത്വത്തെ നിലവറയില്‍ ഒളിപ്പിക്കുന്നതു പോലെയുള്ള നിമിഷങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ പൊലീസുകാരന് കൊലപ്പെടുത്തിയതില്‍ പ്രതിഷേധ സമരം നടത്തുന്നവര്‍ വൈറ്റ് ഹൗസ് വളഞ്ഞ് കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ട്രംപിന് നിലവറയില്‍ അഭയം തേടേണ്ടി വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യമെമ്പാടും അനവധി നഗരങ്ങളില്‍ കോവിഡ് വ്യാപന ഭീതിയെ മറികടന്നും പ്രതിഷേധക്കാര്‍ തെരുവിലാണ്.
Read Also: Covid 19: ശാസ്ത്രജ്ഞന് കോവിഡ്, ഐ സി എം ആര് ആസ്ഥാനം ഫ്യൂമിഗേറ്റ് ചെയ്യും
ഭീകരാക്രമണം പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള നിലവറയില്‍ ട്രംപ് ഒരു മണിക്കൂറോളം കഴിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ പ്രോട്ടോക്കോളുകളേയും തീരുമാനങ്ങളേയും കുറിച്ച് വൈറ്റ് ഹൗസ് അഭിപ്രായം പറയില്ലെന്ന് വക്താവ് ജൂഡ് ഡീരെ പറഞ്ഞു. സുരക്ഷാ ഓപ്പറേഷനുകളുടെ രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് രഹസ്യ സര്‍വീസും പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസാണ് പ്രസിഡന്റ് ഒളിച്ചത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രഥമ വനിത മെലാനിയ ട്രംപും 14 വയസ്സുള്ള മകന് ബാരനും പ്രസിഡന്റിനൊപ്പം നിലവറയിലേക്ക് മാറിയോയെന്ന് വ്യക്തമല്ല. തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലനാണെന്ന് ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ചാരപ്പണി; രണ്ട് പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യ
ജനക്കൂട്ടത്തിന്റെ വലിപ്പവും വിഷവും കണ്ട് പ്രസിഡന്റിന്റെ കുടുംബം ഭയന്നതായി പേര് വെളിപ്പെടുത്താനാകാത്ത ഒരു റിപ്പബ്ലിക്കന്‍ പാര്‍ലമെന്റ് അംഗം പറഞ്ഞു.
തിങ്കളാഴ്ച വൈറ്റ് ഹൗസിന് സമീപം പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. ചിലര്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും അമേരിക്കന്‍ പതാക വലിച്ചെടുത്ത് തീയിലേക്കെറിഞ്ഞു. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ അതിക്രമങ്ങളില്‍ നിലനിന്നിരുന്ന പ്രതിഷേധം ഫ്ളോയ്ഡിന്റെ കൊലപാതകത്തോടെ തെരുവിലെത്തുകയായിരുന്നു.
Read in English: Donald Trump used White House bunker as protests intensified