അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ‘നമസ്തെ ട്രംപ്” പരിപാടി നടക്കുന്ന മോട്ടേര സ്റ്റേഡിയത്തിന് സമീപമുളള ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) തിങ്കളാഴ്ച നോട്ടീസ് നൽകി. നിർമാണത്തൊഴിലാളികളായ 200 ഓളം ചേരി നിവാസികളടങ്ങുന്ന കുടുംബങ്ങൾക്കാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി, രണ്ട് പതിറ്റാണ്ടായി തങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടതായി ഇവർ ആരോപിച്ചു. എന്നാൽ ഈ നോട്ടീസിന് പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് എഎംസി പ്രതികരിച്ചു. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മതില് പണിയുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇവരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
Read More: ഇന്ത്യയിലെത്തുന്ന ട്രംപ് കാണാതിരിക്കാൻ ഗുജറാത്തിലെ ചേരികൾ അടയ്ക്കുന്നു
വിമാനത്താവളത്തിനും മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിലാണ് മതിൽ പണിയുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസംഖ്യ 2,500ലേറെയാണ്. 500ൽ അധികം വീടുകളും ഇവിടെയുണ്ട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സബർമതി റിവർഫ്രണ്ട് സ്ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്പ്പറേഷൻ നടുന്നുണ്ട്.
“നോട്ടീസ് നൽകാനായി എത്തിയ എഎംസി ഉദ്യോഗസ്ഥർ ഞങ്ങളോട് എത്രയും വേഗം ഒഴിയാൻ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് മോട്ടേര സ്റ്റേഡിയത്തിൽ എത്തുന്നുണ്ടെന്നും ഞങ്ങൾ പുറത്തുപോകണമെന്നും അവർ പറഞ്ഞു,” കഴിഞ്ഞ 22 വർഷമായി ചേരിയിൽ താമസിക്കുന്നുവെന്ന് അവകാശപ്പെടുന്ന 35 കാരിയായ തേജ മേദ പറഞ്ഞു. നിർമാണ തൊഴിലാളിയായ മേദയുടെ ജന്മദേശം മധ്യപ്രദേശിലെ ജാബുവ സ്വദേശിയാണ്.
“ഞങ്ങളെല്ലാവരും നിർമാണത്തൊഴിലാളികളാണ്, മജൂർ അധികർ മഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരുദിവസം ശരാശരി 300 രൂപയാണ് ഞങ്ങൾക്ക് ലഭിക്കുന്നത്,” മേദ കൂട്ടിച്ചേർത്തു.
മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെ താമസിക്കുന്ന 65 ഓളം കുടുംബങ്ങളിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്റ്റേഡിയത്തെ വിസാറ്റ്-ഗാന്ധിനഗർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഇവർ താമസിക്കുന്നത്.
“എങ്ങോട്ട് പോകണം എന്ന് ചോദിച്ചപ്പോൾ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോളാനാണ് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞത്. ഓരോ കുടുംബത്തിനും കുറഞ്ഞത് നാലോ അതിൽ കൂടുതലോ അംഗങ്ങൾ ഉണ്ട്. പെട്ടെന്ന് പറഞ്ഞാൽ ഞങ്ങൾ എങ്ങോട്ട് മാറും?” ദഹോദ് നിവാസിയായ പങ്കജ് ദാമോർ (24) പറഞ്ഞു.