വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി നടത്തുന്ന ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂർ വേദിയാകും. ജൂൺ 12നാകും കൂടിക്കാഴ്ച. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലോക സമാധാനത്തിനായുള്ള എല്ലാ വിധ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പറഞ്ഞാണ് ട്രംപ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വാഷിംഗ്ടണും പ്യോഗ്യാങും തമ്മില്‍ കാലങ്ങളായി തര്‍ക്കം തുടരുന്ന ആണവായുധ വിഷയം തന്നെയാവും ഇരുവരും തമ്മിലുളള ചര്‍ച്ചയിലെ ശ്രദ്ധാ വിഷയം. തടവ് ശിക്ഷ അനുഭവിച്ചിരുന്ന മൂന്ന് അമേരിക്കൻ പൗരൻമാരെ ഉത്തരകൊറിയ വിട്ടയച്ച് മണിക്കൂറുകൾക്കുള്ളിലാണ് കൂടിക്കാഴ്ച്ചയ്ക്കുള്ള വേദിയും തീയതിയും ട്രംപ് പ്രഖ്യാപിച്ചത്.
ഉത്തര കൊറിയയുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയ തങ്ങളുടെ അണുവായുധങ്ങള്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കാന്‍ തയ്യാറാവുമോ എന്നതും, തയ്യാറായാല്‍ തന്നെ അമേരിക്കയോട് പകരം എന്തു ചോദിക്കുമെന്നതുമാണ് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ബില്‍ ക്ലിന്റന് യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മാത്രമാണ് ഉത്തരകൊറിയയുമായി ചെറുതായെങ്കിലും ഒരു ചര്‍ച്ചയ്ക്ക് അമേരിക്ക മുന്‍കൈ എടുത്തിട്ടുള്ളത്. ഇരു രാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ ഇതുവരെ നേരിട്ടൊരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല.