വാഷിങ്ടണ്‍: അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നവരില്‍ നിന്ന് അമരിക്ക- മെക്‌സിക്കോ അതിർത്തിയിൽ കുട്ടികളെ വേർപെടുത്തുന്നതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്നതോടെ തീരുമാനം പിൻവലിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാർക്ക് തങ്ങളുടെ കുട്ടികളെയും കൂടെക്കൂട്ടാനുള്ള തീരുമാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രംപ് ബുധനാഴ്‌ച വ്യക്തമാക്കി. തങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് വേർപെട്ട് പൊട്ടിക്കരയുന്ന കുട്ടികളുടെ ഹൃദയഭേദകമായ ചിത്രങ്ങൾ ലോകം മുഴുവൻ ചർച്ചയായതോടെയാണ് വിവാദ തീരുമാനം പിൻവലിക്കാൻ ട്രംപ് തയ്യാറായത്.

‘വളരെ ശക്തമായ അതിര്‍ത്തി നിയമങ്ങളിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്. പക്ഷെ കുടുംബങ്ങളെ വേര്‍പ്പെടുത്തില്ല. ആ കാഴ്‌ചകളും കുടുംബങ്ങള്‍ വേര്‍പ്പെടുന്ന വേദനയും എനിക്ക് ഇഷ്‌ടമല്ല’, ട്രംപ് പറഞ്ഞു. നേരത്തേ കുടിയേറ്റ വിരുദ്ധ നയങ്ങളെ ശക്തമായി പിന്തുണച്ചായിരുന്നു ട്രംപിന്റെ പ്രസ്‌താവനകള്‍. എന്നാല്‍ കുട്ടികള്‍ കരയുന്ന ചിത്രങ്ങളും വാര്‍ത്തകളും ആഗോളതലത്തില്‍ ചര്‍ച്ചയായി മാറി. ദിവസങ്ങളായി നയം തിരുത്താന്‍ ട്രംപ് തയ്യാറായിരുന്നില്ല.

പോപ്പ് ഫ്രാന്‍സിസ് അടക്കമുളള ലോക നേതാക്കളും മാതാപിതാക്കളേയും കുട്ടികളേയും വേര്‍പ്പെടുത്തുന്ന നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപും രംഗത്തെത്തി. എല്ലാ നിയമങ്ങളും പിന്തുടരുന്ന രാജ്യമായിരിക്കണം അമേരിക്ക. എന്നാൽ ഹൃദയമുള്ള ഭരണമായിരിക്കണം അതെന്നും മെലാനിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ