റാമല്ല: മുസ്ലിം വിരുദ്ധ നിലപാടുകളിലൂടെ ദുഷ്പേര് സമ്പാദിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ബുധനാഴ്ച ചർച്ച നടത്തും. ലോകരാജ്യങ്ങൾക്കിടയിൽ ആശ്ചര്യമുളവാക്കുന്ന വിധത്തിലാണ് ഇസ്രയേലിന്റെ സ്വാധീനം മറികടന്ന് പലസ്തീന്റെ സമാധാന ആവശ്യങ്ങൾ മുൻനിർത്തിയുള്ള ചർച്ചയ്ക്ക് അമേരിക്കൻ പ്രസിഡന്റ് തയ്യാറാകുന്നത്.
ഏറെക്കാലമായി ഇസ്രയേലിനും പലസ്തീനുമിടയിൽ നിലനിൽക്കുന്ന രക്തരൂഷിത യുദ്ധ സാഹചര്യത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടലിലൂടെ മാറ്റമുണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് പലസ്തീൻകാർക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മഹമ്മൂദ് അബ്ബാസ് നാളെ വാഷിംഗ്‌ടണിലെത്തും.
ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുവരവും സിറിയയിൽ ഉണ്ടായ യുദ്ധവും എല്ലാം പലസ്തീൻ ജനതയ്ക്ക് ലഭിച്ചുവന്ന ലോകരാഷ്ട്രങ്ങളുടെ പിന്തുണ കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പലസ്തീന്റെ നിലനിൽപ്പിനായി മഹമൂദ് അബ്ബാസ് അമേരിക്കൻ പ്രസിഡന്റിന്റെ സഹായം തേടുന്നത്.
“ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങൾ പലസ്തീന്റ ജനതയുടെ രക്ഷയ്‌ക്കെത്തുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന്” ജറുസലേം ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ എഎഫ്‌പിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ “പലസ്തീൻ ജനതയുടെ പ്രതീക്ഷ അസ്ഥാനത്താണെന്നും, ഇക്കാര്യത്തിൽ നിരാശയാകും അവർ നേരിടുകയെന്നും” അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫെബ്രുവരിയിൽ കൂടിക്കാഴ്ച നടത്തിയ ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ പ്രത്യക്ഷ പിന്തുണ ഇസ്രയേലിന് നൽകിയിരുന്നില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ ആരാദ്യം ആയുധങ്ങൾ താഴെ വച്ച് സമാധാന ശ്രമം നടത്തുന്നുവോ അവർക്കൊപ്പമാകും തന്റെ ഭരണകൂടമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
വെസ്റ്റ് ബാങ്കിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള അനുഞ്ജന ശ്രമങ്ങൾ അമേരിക്ക തുടങ്ങിയിരുന്നു. ട്രംപിന്റെ ഉപദേഷ്ടാക്കളിൽ പ്രധാനിയായ ജേസൻ ഗ്രീൻബെൽറ്റ് ഇസ്രയേലിന്റെും പലസ്തീനിലെയും അധികൃതരുമായി മാർച്ചിൽ ചർച്ച നടത്തിയിരുന്നു.
അതേസമയം പലസ്തീനിൽ മഹമൂദ് അബ്ബാസിന് നിലനിൽപ്പിന്റെ കൂടി പരിശ്രമമാണ് ട്രംപുമായുള്ള ചർച്ച. 82 വയസ്സുള്ള ഈ ഭരണാധികാരിക്ക് നേരെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കുന്നുണ്ട്.
2009 ൽ കാലാവധി തീർന്നിട്ടും അബ്ബാസ് ഭരണത്തിൽ നിന്ന് വിട്ടിരുന്നില്ല. ഈയടുത്ത് പലസ്തീനിലെ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ ഹമാസുമായി അബ്ബാസിന്റെ ഫതേ പാർട്ടി കൂടുതൽ കടുത്ത നിലപാടിലേക്കാണ് നീങ്ങുന്നത്. ഫതേ പാർട്ടി ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസയിലെ വൈദ്യുതിയുടെ തുക ഇസ്രയേലിന് നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.