വാഷിങ്‌ടൺ: യുഎസ് ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ടു. ഡൊണാൾഡ് ട്രംപാണ് രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന അപൂർവത സ്വന്തമാക്കിയത്. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197 നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി.

അതേസമയം, ഇംപീച്ച്മെന്റിന് പിന്നാലെ ട്രംപിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നു. ഐക്യത്തിനു ആഹ്വാനം ചെയ്തുളളതാണ് ട്രംപിന്റെ സന്ദേശം. രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കാപിറ്റോള്‍ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു.

ഡൊണാൾഡ് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതോടെയാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് നടപടികളിലേക്കു കടന്നത്. ട്രംപ് കുറ്റവിചാരണ നേരിടേണ്ടിവരും. ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരായ ഇംപീച്ച്‌മെന്റിനെ പിന്തുണച്ചത് ശ്രദ്ധേയമായി.

Read Also: മുട്ടിക്കളിച്ച് ക്രിക്കറ്റിനെ കൊന്നു; വിഹാരിയെ പരിഹസിച്ച് മന്ത്രി, കിടിലൻ മറുപടി നൽകി താരം

ഡെമോക്രാറ്റിക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കടന്ന സംഭവത്തെ തുടർന്ന് ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയാണെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചു. ട്രംപിന്റെ പോസ്റ്റുകൾ അപകടകരമാണെന്ന് പറഞ്ഞാണ് വിലക്ക്. അനിശ്ചിത കാലത്തേക്കാണ് ട്രംപിനെ വിലക്കുന്നതെന്ന് സുക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ട്വിറ്ററും ട്രംപിന്റെ ഹാൻഡിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook