ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ കത്ത്. കിമ്മിന്റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികൾ ട്രംപിന് കൈമാറി. കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു.
ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ചയാദ്യം പ്യോഗ്യാങ്ങിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നു ഉൻ സമ്മതിച്ചിരുന്നു.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വരുന്ന എപ്രിൽ-മെയ് മാസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. ആണവ, മിസൈല്‍ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നല്‍കിട്ടുണ്ടെന്നാണ് റിപ്പോർട്ട്.