റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനം തുടരുന്നു. റിയാദില്‍ നടക്കുന്ന രണ്ട് സുപ്രധാന ഉച്ചകോടികളിൽ ഇന്ന് ട്രംപ് പങ്കെടുക്കും. അറബ് ,ഇസ്ലാമിക-അമേരിക്ക സംയുക്ത ഉച്ചകോടിയും ഇതിൽ പെടും. പശ്ചിമേഷ്യയിലെ തീവ്രവാദ ഭീഷണിയെ സംബന്ധിച്ച ചര്‍ച്ചകളാവും പ്രധാനമായും ഉച്ചകോടിയിലുണ്ടാവുകയെന്നാണ് സൂചനകൾ.

‘തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ഒരുമിച്ച് മുന്നേറാം’ എന്ന പ്രമേയത്തില്‍ റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുക. അമ്പതോളം അറബ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളും നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഡോണാള്‍ഡ് ട്രംപ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തിന് ഏറെ പ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്. അമേരിക്കയുടെ സഹകരണത്തോടെ പശ്ചിമേഷ്യയിലെ തീവ്രവാദ ഭീകരവാദ ഭീഷണിയെ ചെറുക്കാനുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും നടക്കുക.

കഴിഞ്ഞ ദിവസം സൗദിയിലെത്തിയ ഡോണൾഡ് ട്രംപും, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ 11,000 കോടി ഡോളറിന്റെ ആയുധ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന് പുറമെ, അടുത്ത പത്തു വര്‍ഷത്തേക്ക് 35,000 കോടി ഡോളറിന്‍റെ മറ്റൊരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ലോകസുരക്ഷയും സുസ്ഥിരതയും ശക്തമാക്കാന്‍ ട്രംപിന്‍റെ സൗദി സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ട്രംപ് ഐക്യത്തോടെ മുന്നേറാനുള്ള സന്ദേശങ്ങളാണ് സൗദിയിലെത്തിയപ്പോൾ നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ