വാഷിങ്ടൺ: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി 195 രാജ്യങ്ങൾ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻമാറുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഉടമ്പടി അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പിന്‍മാറുന്നതായി ട്രംപ് അറിയിച്ചത്.
അമേരിക്കയ്ക്ക് യാതൊരു തരത്തിലുള്ള ഗുണവും ഇല്ലാത്ത ഉടമ്പടി നഷ്ടം മാത്രമേ വരുത്തിവെയ്ക്കൂവെന്ന് വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഉടമ്പടി ഗുണം ചെയ്യുമെന്നും ഇവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായാണ് കാലാവസ്ഥാ സംരക്ഷണ ഉടമ്പടി ഉണ്ടാക്കിയതെന്നും ട്രംപ് ആരോപിച്ചു.
കോടിക്കണക്കിന് ഡോളർ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയിൽ ഒപ്പിട്ടതെന്നും ട്രംപ് ആരോപിക്കുന്നു. കാർബൺവാതക പുറന്തള്ളലിൽ ലോകത്ത് ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്ക കരാറിൽ നിന്നും പിന്മാറിയാൽ ഉടമ്പടി ലക്ഷ്യം കൈവരിക്കുക പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ ട്രംപിന്റെ തീരുമാനം ചരിത്രപരമായ വിഢിത്തമാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. ഉടമ്പടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കും. അടുത്ത തവണയും ഭരണത്തില്‍ തുടരാന്‍ വേണ്ടി മാത്രമുളള എടുത്തുചാട്ടമാണിതെന്നും വിലയിരുത്തലുണ്ട്.
തന്റെ മുന്‍ഗാമിയായ ബരാക് ഒബാമ ഏറെ പ്രയത്നിച്ചു രൂപംകൊടുത്ത പാരീസ് ഉടമ്പടിയില്‍നിന്നു പിന്മാറുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉടമ്പടി കേവലം പ്രഹസനമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തുടരാനുള്ള ജി7 രാജ്യങ്ങളുടെ സമ്മര്‍ദം അദ്ദേഹം തള്ളിയിരുന്നു. പിന്മാറ്റം ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ പദവി ഇടിക്കുമെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ മുന്നറിയിപ്പും വകവയ്‌ക്കാതെയാണ് ട്രംപിന്റെ പോക്ക്.
.