വാഷിങ്‌ടൺ: യുഎസ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചെന്ന് സമ്മതിച്ച് ഡൊണാൾഡ് ട്രംപ്. യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായാണ് ട്രംപ് പൊതുമധ്യത്തിൽ ബൈഡന്റെ വിജയം അംഗീകരിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് ട്രംപ് ആവർത്തിച്ചു. “വോട്ടെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ട്. വോട്ടെണ്ണൽ നിരീക്ഷിക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. തീവ്ര ഇടത് പക്ഷക്കാർ ഉടമകളായ സ്വകാര്യ സ്ഥാനപനങ്ങളെയാണ് വോട്ട് ടാബുലേഷനായി നിയോഗിച്ചത്. അതിന്റെ ഫലമായാണ് ബൈഡൻ വിജയിച്ചത്,” ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ തങ്ങൾക്കെതിരെയായിരുന്നെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളെ ‘വ്യാജവും നിശബ്‌ദവും’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
Read Also: സിഡ്‌നിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം വിമാനം തകർന്നുവീണു
നേരത്തെ പരോക്ഷമായി തിരഞ്ഞെടുപ്പ് പരാജയം ട്രംപ് സമ്മതിച്ചിരുന്നു. യുഎസിലെ കോവിഡ് സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ട്രംപ് പരോക്ഷമായി തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സൂചിപ്പിച്ചത്. കോവിഡ് വാക്‌സിൻ ഏപ്രിലിൽ പുറത്തിറക്കാൻ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ തന്റെ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യുഎസിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിലും രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. “തങ്ങളുടെ സർക്കാർ ഒരു സമ്പൂർണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും, മറ്റൊരു സർക്കാർ അധികാരമേറ്റാലും അവരും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ട്രംപ് പറഞ്ഞു.