ന്യൂയോർക്ക്: സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി ലിയോ വരാദ്ക്കറിനെ യുഎസ് പ്രഡിസന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. ചെറിയൊരു കൂട്ടം മാധ്യമപ്രവർത്തകരും ഈ സമയത്ത് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. അവർക്കു മുന്നിൽവച്ചാണ് ട്രംപ് അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയെ വിളിച്ചത്.
ഒരു കൂട്ടം ഐറിഷ് മാധ്യമപ്രവർത്തകർ ഇവിടെയുണ്ടെന്നും എന്റെ സംസാരം അവർ കേൾക്കുന്നുണ്ടെന്നും ട്രംപ് ലിയോ വരാദ്ക്കറിനോട് പറഞ്ഞു. അതിനുശേഷം ട്രംപ് മാധ്യമപ്രവർത്തകരുടെ ഇടയിൽ നിന്നും ഒരു വനിതാ മാധ്യമപ്രവർത്തകയെ കൈനീട്ടി വിളിച്ചു. നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നു ചോദിച്ചു. അടുത്തേക്കു വരൂവെന്നും പറഞ്ഞു. ഐറിഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ആർടിഇയുടെ വാഷിങ്ടൺ കറസ്പോണ്ടന്റ് കെയ്ട്രിയോണ പെറി ആയിരുന്നു അത്.
അവളുടെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ടെന്നും അവൾ നിങ്ങളെ നന്നായി കൈകാര്യം ചെയ്യുമെന്നും ട്രംപ് ഓവൽ ഓഫിസിലെ മാധ്യമപ്രവർത്തകർക്ക് മുന്നിൽവച്ച് ലിയോയോട് ഫോണിൽ പറഞ്ഞു. ഇതു മുഴുവൻ പെറി തന്റെ ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. വിചിത്രമായൊരു നിമിഷം എന്ന എഴുത്തോടെ പെറി പിന്നീട് ഈ വിഡിയോ തന്റെ ട്വിറ്ററിൽ പങ്കുവച്ചു. വിഡിയോ പോസ്റ്റ് ചെയ്തതിനുപിന്നാലെ ട്രംപിന്റെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധവും ഉയർന്നു.