വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിനു നാമനിർദേശം ചെയ്‌തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ആണ് ട്രംപിനെ 2021 ലെ നോബൽ പുരസ്‌കാരത്തിനു നാമനിർദേശം ചെയ്‌തത്.

ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിനാണ് നാമനിർദേശം ചെയ്‌തിരിക്കുന്നത്. കശ്‌മീർ തർക്കവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ഇടപെടലുകളും നാമനിർദേശത്തിൽ പറയുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം നോബൽ പുരസ്‌കാരത്തിനു അർഹനാണെന്നും ക്രിസ്‌റ്റ‌്യൻ ടൈബ്രിങ് പറയുന്നു.

Read Also: ട്രംപ് അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റ്: മിഷേൽ ഒബാമ

ഉത്തര-ദക്ഷിണ കൊറിയ തർക്കം പരിഹരിക്കാൻ മാധ്യസ്ഥം വഹിച്ചതിന്റെ പേരിൽ 2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു ട്രംപിനെ നാമനിർദേശം ചെയ്‌തവരുടെ കൂട്ടത്തിലും ക്രിസ്റ്റ്യന്‍ ടൈബ്രിങ് ഉണ്ട്.

സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിനു ട്രംപിനെ നാമനിർദേശം ചെയ്‌തു എന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ അമേരിക്കക്കാർ അദ്ദേഹത്തെ പ്രശംസിച്ചും ട്രോളിയും രംഗത്തെത്തിയിട്ടുണ്ട്.

ഇസ്രായേലുമായി യുഎഇ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഓഗസ്റ്റ് 14 നു അറിയിച്ചിരുന്നു. ട്രംപിന്റെ മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളും ചരിത്രപരമായ സമാധാന കരാറിലെത്തിയതായി ട്രംപ് അറിയിക്കുകയായിരുന്നു.

പലസ്തീന്‍ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടിയിൽ ഇസ്രായേൽ ധാരണയെത്തിയിട്ടുണ്ട്. ഈ ഉടമ്പടിയുടെ ഭാഗമായാണ് യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇതോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്നതോ ഇസ്രായേലിനെ അംഗീകരിക്കുന്നതോ ആയ ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. ഇസ്രായേലിനെ അംഗീകരിക്കുകയും നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.

Read Also: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; പരിശോധന കുറയ്ക്കണമെന്ന് ട്രംപ്

ട്രപിന്റെ മധ്യസ്ഥതയിൽ ടെലഫോൺ മുഖേന അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവർ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയെത്തിയത്. ഏറെ നാളായി ഈ ചർച്ച തുടർന്നു വരികയായിരുന്നു.

യുഎഇയും ഇസ്രായേലും തമ്മിൽ നയതന്ത്ര കരാറിൽ എത്തുന്നതിനായി മദ്ധ്യസ്ഥത വഹിക്കുകയും അത് വിജയത്തിലെത്തിക്കാനാവുകയും ചെയ്തത് ട്രംപിന് തന്റെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകളിലെ വിജയമായി ഉയർത്തിക്കാട്ടാനാവും. ഈ വർഷം നവംബറിൽ യുഎസ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ട്രംപിന് ഇത് തന്റെ നേട്ടമായി പറയാനും സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook