ന്യൂയോർക്ക്: യുഎസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഉത്തരവിന് കോടതിയുടെ വിലക്ക്. ഹവായ്‌യിലെ കോടതിയാണ് യാത്രാവിലക്ക് നടപ്പാക്കുന്നത് അടിയന്തരമായി തടഞ്ഞത്. ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുളളവർക്കും അഭയാർഥികൾക്കും യുഎസിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കുന്നതാണ് ട്രംപിന്റെ യാത്രാവിലക്ക്.

അഭയാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്‌ലിം മതവിഭാഗങ്ങള്‍ക്കു നേരെയുള്ള വിവേചനമാണെന്നു കാണിച്ച് സമര്‍പ്പിച്ച ഹർജിയിലാണ് ഫെഡറൽ ജഡ്‌ജിയുടെ ഉത്തരവ്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് തിരിച്ചടിയാണ് കോടതിയുടെ പുതിയ നിരീക്ഷണം.

കോടതി പരിധികടന്നാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യത്തെ മുന്‍നിര്‍ത്തി അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ഭരണഘടനാ പ്രകാരം പ്രസിഡന്റിന് അധികാരമുണ്ടെന്നും വിധിക്കെതിരെ സുപ്രിം കോടതിിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമെന്‍, സിറിയ എന്നീ ഏഴുരാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കുന്ന ഉത്തരവാണ് ട്രംപ് ആദ്യം ജനുവരിയില്‍ ഇറക്കിയത്. പിന്നീട് പുതുക്കിയ ഉത്തരവിൽ ഇറാഖിനെ വിലക്കിൽ നിന്നൊഴിവാക്കിയിരുന്നു. സിറിയയില്‍നിന്നുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്നീട് മറ്റൊരു ഉത്തരവില്‍ ട്രംപ് പിന്‍വലിച്ചിരുന്നു.

മാര്‍ച്ച് 16ന് ഉത്തരവ് നിലവില്‍വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതിനിടെയാണ് കോടതി ഉത്തരവ് ട്രംപിന് തിരിച്ചടിയായത്. യുഎസില്‍ സ്ഥിരതാമസം അനുവദിക്കുന്ന അനുമതി പത്രമായ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പ്രവേശനവിലക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ