ന്യൂയോർക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് രാത്രി ഇന്ത്യൻ സമയം 1.20ന് നടക്കും.ഏറെ നയതന്ത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വസ്തനായ സുഹൃത്തെന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപ് അദ്ദേഹത്തോട് ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയുമായി നല്ല ബന്ധമാണ് അമേരിക്ക തുടർന്നും ആഗ്രഹിക്കുന്നതെന്ന് ഇതിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ സൂചന നൽകിയിരുന്നു.

ഇന്നലെ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിർജീനിയയിൽ ഇന്ത്യക്കാരായവരെ അഭിമുഖീകരിച്ച പ്രധാനമന്ത്രി ഇതിന് ശേഷമാണ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം അഞ്ച് മണിക്കൂറോളം നീളും.

ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കയിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുമായും ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റിനൊപ്പം രാത്രി സത്കാരത്തിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൂടിക്കാഴ്ചയിൽ അമേിക്കയിലെ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ചു വരുന്ന വംശീയ അതിക്രമങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെടും. ഇരു നേതാക്കളും പരസ്പരം ട്വിറ്ററിലൂടെ പങ്കുവച്ച ആദ്യഘട്ട സന്ദേശങ്ങൾ എച്ച1ബി വിസ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ വിരുദ്ധ നിലപാടുകളെ എങ്ങിനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമപ്രവർത്തകർക്ക് മുൻപിൽ കൂടിക്കാഴ്ചയെ കുറിച്ച് പ്രസ്താവന നടത്തും. എന്നാൽ ഇത് സംബന്ധിച്ച് ഒരു ചോദ്യവും ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ടായിരിക്കില്ല. വൈറ്റ് ഹൗസ് അധികൃതർ ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ അഭിപ്രായം തേടിയാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

വളരെ കരുതലോടെയാണ് അമേരിക്കയും ഇന്ത്യയും ഈ കൂടിക്കാഴ്ചയെ കാണുന്നത്. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ പറഞ്ഞതാണിത്. “കൂടിക്കാഴ്ചയിൽ ഏതെങ്കിലും തരത്തിലുള്ള ഗുണമോ ദോഷമോ പരസ്യപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നില്ല” എന്നാണ് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്.

വ്യാപാര വാണിജ്യ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടവും മോദി ഭരണകൂടവും ശ്രമിക്കുന്നതെന്നാണ് വിവരം. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ പ്രചാരം ലഭ്യമാക്കുന്നതിനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് അനുകൂലമായി ഇന്ത്യ വ്യാപാര കരാറുകളിൽ മാറ്റം വരുത്തിയേക്കും. ഇക്കാര്യമാണ് യോഗത്തിന് ശേഷം പ്രസ്താവനയിൽ വ്യക്തമാക്കുക.

ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലെ യോജിച്ച പ്രവർത്തനത്തിനും യോഗം പ്രാധാന്യം നൽകും. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക വികസന കാര്യത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് അമേരിക്കയ്ക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യൻ സൈന്യത്തെ അഫ്ഗാനിൽ വിന്യസിക്കാനുള്ള നയപരമായ തീരുമാനത്തിനുള്ള സാധ്യതയും യോഗത്തിൽ ഉയരുമെന്നാണ് കരുതുന്നത്.

എച്ച്1ബി വിസ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തെ കുറിച്ച് ഇന്ത്യ എടുത്ത് ചോദിക്കില്ലെങ്കിലും ഇത് ചർച്ചയ്ക്കിടയിൽ വിഷയമായി ഉയർന്നുവരാനുള്ള സാധ്യതകളുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ പ്രാധാന്യം നൽകുന്നത് കൊണ്ട് ആദ്യഘട്ടത്തിൽ ഇരുവർക്കും ഭിന്നാഭിപ്രായമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടില്ലെന്നാണ് നയതന്ത്രജ്ഞർ നൽകുന്ന വിശദീകരണം.

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ കൗൺസിലിലും, ആണവ വിതരണ അംഗ രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനത്തിൽ അമേരിക്കൻ നിലപാടാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രതിനിധികളുടെ ഇന്ത്യ സന്ദർശനത്തിന്റെ തീയ്യതിയും ഇതിന് ശേഷം പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്.

വൈറ്റ് ഹൗസിൽ ദേശീയ സാമ്പത്തിക കൗൺസിലിൽ ഉന്നത പദവി വഹിക്കുന്ന കെന്നത് ജെസ്റ്ററാകും അമേരിക്കയെ പ്രതിനിധീകരിച്ച് ഇന്ത്യയിലേക്ക് എത്തുക. ജോർജ് ഡബ്ല്യു ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉന്നത സാങ്കേതിക സഹകരണ ചർച്ചകൾക്ക് നേതൃത്വം വഹിച്ചയാളാണ് ഇദ്ദേഹം.

ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ ഇന്ത്യൻ പ്രധാനമന്ത്രി നെതർലന്റിലേക്ക് പോകും. അവിടെ രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ, പ്രധാനമന്ത്രി മാർക് റുട്ടെ എന്നിവരുമായി നരേന്ദ്ര മോദി ചർച്ച നടത്തും.

ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കിയാണ് നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോയത്. 11 കരാറുകളിൽ പോർച്ചുഗൽ സന്ദർശനത്തിനിടെ മോദി ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ