സിംഗപ്പൂര്‍: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ച ആരംഭിച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചരിത്ര പ്രധാനമായ കൂടിക്കാഴ്‌ച നടക്കുന്നത്. പരിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ രണ്ടു മണിക്കൂറാണ് കൂടിക്കാഴ്‌ച. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടക്കും.
പ്രത്യക്ഷവും പരോക്ഷവുമായുമെല്ലാം പരസ്‌പരം ആക്രമിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്‌തതിന് ഒടുവിലാണ് കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. പലപ്പോഴും യുദ്ധ സമാനമായ സാഹചര്യങ്ങള്‍ വരെ ഉണ്ടായി. ഇതുവരെ ഫോണില്‍ പോലും പരസ്‌പരം സംസാരിച്ചിട്ടില്ലാത്ത നേതാക്കള്‍ ചരിത്രത്തിലാദ്യമായി നേരില്‍ കാണുമ്പോള്‍ പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം അതിനെ ഉറ്റുനോക്കുന്നത്.
എല്ലാം നന്നായി നടക്കാന്‍ പോവുകയാണെന്ന് ഇന്നലെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂംഗിനൊപ്പമുള്ള കൂടിക്കാഴ്‌ചയില്‍ ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയന്‍- യുഎസ് പ്രതിനിധികള്‍ ഇന്നലെ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നിവരും കിമ്മിനൊപ്പം ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോംഗ് ഹോ, വിശ്വസ്‌തനും മുന്‍ ചാരത്തലവനുമായ കിം യോ ചോങ് എന്നിവരും സിംഗപ്പൂരിലെത്തിയിട്ടുണ്ട്.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം, കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരല്‍, കൊറിയന്‍ മേഖലയിലെ യുഎസ് സൈനിക സാന്നിദ്ധ്യം, ഉത്തര കൊറിയയ്‌ക്കെതിരായ ഉപരോധം, ഉത്തര കൊറിയയ്ക്ക് രാജ്യാന്തരവേദികളില്‍ അംഗീകാരം തുടങ്ങിയ വിഷയങ്ങളാകും കൂടിക്കാഴ്‌ചയിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍.