വാഷിങ്ടൻ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ നിർദേശങ്ങളെ അവഗണിച്ച് ഉത്തര കൊറിയ അണു, മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ അഭിനന്ദനം എന്നത് ശ്രദ്ധേയമണ്.

കിം ജോങ് മിടുക്കനാണെന്നായിരുന്നു അമേരിക്കൻ മാധ്യമമായ സിബിഎസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ചെറുപ്രായത്തിൽതന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ്. അയാളുടെ ബന്ധുക്കൾ ഉൾപ്പെടെയുളളവർ ഈ സമയത്ത് അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഇവരെയൊക്കെ മറികടന്ന് അധികാരം നേടിയെടുക്കാൻ കിം ജോങ്ങിന് കഴിഞ്ഞു. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുളള കർക്കശക്കാരായ വ്യക്തികളെയാണ് അദ്ദേഹം നിലയ്ക്കുനിർത്തുന്നത്. ഇതിൽനിന്നും തന്നെ സമർഥനായ വ്യക്തിയാണ് അദ്ദേഹമെന്ന് മനസ്സിലാക്കാമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, കിം ജോങ് ഉന്നിന്റെ ബുദ്ധിക്കു വല്ല പ്രശ്നവുമുണ്ടോയെന്ന് ആളുകൾ ചോദിക്കുന്നു. എനിക്കതിനെക്കുറിച്ച് ഒരു പിടിയുമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. വിലക്കുകൾ ലംഘിച്ച് ഉത്തര കൊറിയ നടത്തുന്ന ആണവ മിസൈൽ പരീക്ഷണങ്ങൾക്ക് ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകി. ആണവ പരീക്ഷണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ യുഎസിനെ സംബന്ധിച്ചിടത്തോളം അത് സന്തോഷകരമായ വാർത്തയായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

അടുത്തിടെയായി ആണവ പരീക്ഷണങ്ങൾ തുടർച്ചയായി ഉത്തര കൊറിയ നടത്തുന്നുണ്ട്. മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യുഎസ് ശക്തമായ താക്കീതു നൽകിയതു കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസവും വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. എന്നാൽ പരീക്ഷണം പരാജയപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ