വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ സ്ഥാനാർഥികൾ നേർക്കുനേർ. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബെെഡനും ‘റോയിട്ടേഴ്‌സ്’ അഭിമുഖത്തിലാണ് നേർക്കുനേർ സംവദിക്കുന്നത്. ഏകദേശം 90 മിനിറ്റോളം നീണ്ടുനിൽക്കുന്ന സംവാദമാണ് നടക്കുന്നത്.

കോവിഡ് പ്രതിരോധത്തിനു ട്രംപ് ഭരണകൂടം യാതൊന്നും ചെയ്‌തിട്ടില്ലെന്ന് ബെെഡൻ കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ തന്നെ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ട്രംപ് ഭരണകൂടത്തിനു മുന്നറിയിപ്പ് ലഭിച്ചതാണ്. എന്നാൽ, കോവിഡിനെ നേരിടാൻ ക്രിയാത്‌മകമായി ട്രംപ് ഒന്നും ചെയ്‌തിട്ടില്ലെന്നും രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മോശമാണെന്നും ബെെഡൻ പറഞ്ഞു. ഒരു പദ്ധതിയും രൂപരേഖയും ഇല്ലാത്ത മനുഷ്യനാണ് ട്രംപ് എന്നും ബെെഡൻ പറഞ്ഞു.

Read Also: പത്ത് വര്‍ഷമായി നികുതിയടക്കാതെ ട്രംപ്; ആകെ അടച്ചത് 750 ഡോളർ

എന്നാൽ, പരിഹാസ സ്വരത്തിലായിരുന്നു ട്രംപിന്റെ മറുപടി. ബെെഡൻ ആയിരുന്നു ഈ സമയത്ത് ഭരിക്കുന്നതെങ്കിൽ മരണസംഖ്യ ഇപ്പോഴത്തേക്കാൾ കൂടുതലായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ബെെഡൻ അധികാരത്തിലിരിക്കുകയാണെങ്കിൽ സംഭവിക്കാവുന്ന മരണങ്ങളേക്കാൾ കുറവാണ് ഇപ്പോൾ രാജ്യത്ത് കോവിഡ് മൂലം റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂ എന്നും ട്രംപ് തിരിച്ചടിച്ചു. ഏകദേശം രണ്ട് ലക്ഷത്തിൽ അധികം ആളുകൾ അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ബെെഡൻ മാസ്‌ക് ധരിക്കുന്നതിനെ ട്രംപ് കളിയാക്കി. തനിക്ക് ആവശ്യമുള്ളപ്പോൾ മാത്രമാണ് ബെെഡൻ മാസ്‌ക് ധരിക്കുന്നത് എന്ന് ട്രംപ് പരിഹസിച്ചു. സംവാദത്തിനിടെ ബെെഡൻ ട്രംപിനോട് കോപിച്ചു. ‘ഒന്നു മിണ്ടാതിരിക്കാമോ?’ എന്ന് ട്രംപിനെ നോക്കി ബെെഡൻ ചോദിച്ചു. സംവാദത്തിലുടനീളം ട്രംപ് നുണകളാണ് പറഞ്ഞതെന്ന് ബെെഡൻ പരിഹസിച്ചു. ട്രംപ് ഒരു നുണയനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ബെെഡൻ പറഞ്ഞു.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നതും മെച്ചപ്പെട്ട രീതിയിലേക്ക് എത്തിച്ചതും താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിൽ താൻ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചു എന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപ് ഭരണകൂടം ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന് ബെെഡൻ കുറ്റപ്പെടുത്തി. എല്ലാവർക്കും ഒരേപോലെ നീതി ലഭിക്കുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും ബെെഡൻ പറഞ്ഞു.

ആരോഗ്യമേഖലയ്‌ക്ക് വേണ്ടി ട്രംപ് ഒന്നും സംഭാവന ചെയ്‌തിട്ടില്ലെന്ന് ബെെഡൻ കുറ്റപ്പെടുത്തി. ഓബാമ ഹെൽത് കെയർ പ്ലാൻ തുടരണമെന്നും ബെെഡൻ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook