ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടത്തിയ പണമിടപാടുകളെ തുടര്‍ന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി മാന്‍ഹട്ടന്‍ കോടതി. ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്. 2016 ലെ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്‌നിടെ വിവാഹേതര ലൈംഗിക ബന്ധത്തിലെ ആരോപണങ്ങള്‍ ഇല്ലാതാക്കുന്നതിന് നടത്തിയ പണമിടപാടുകളെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ട്രംപിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
ട്രംപിന്റെ ബിസിനസ്, രാഷ്ട്രീയ, വ്യക്തിപര ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ശേഷമുള്ള അസാധാരണമായ സംഭവവികാസമാണ് കുറ്റപത്രം. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും അന്വേഷണത്തെ ആവര്‍ത്തിച്ച് വിമര്‍ശിച്ച ട്രംപ്, കുറ്റാരോപണത്തെ ‘രാഷ്ട്രീയ പീഡനം’ എന്ന് വിളിക്കുകയും 2024 ല്‍ ഡെമോക്രാറ്റുകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും പറഞ്ഞു. ഈ രാഷ്ട്രീയ നടപടിക്കെതിരെ തങ്ങള്‍ ശക്തമായി കോടതിയില്‍ പോരാടുമെന്ന് ആരോപണങ്ങളില്‍ പ്രതിഭാഗം അഭിഭാഷകരായ സൂസന്‍ നെച്ചെലെസും ജോസഫ് ടാകോപിനയും പറഞ്ഞു.
മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിന്റെ വക്താവ് കുറ്റപത്രം സ്ഥിരീകരിച്ചു, കീഴടങ്ങല്‍ ഏകോപിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ ട്രംപിന്റെ പ്രതിരോധ സംഘത്തെ സമീപിച്ചതായി പറഞ്ഞു. വെള്ളിയാഴ്ച കീഴടങ്ങാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞുതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.