ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും ഭാവിയിലേക്കുള്ള വലിയ വ്യാപാര കരാറുകളെ കുറിച്ച് ചർച്ച നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ രാജ്യം ഔദ്യോഗിക വരവേല്പ് നൽകും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ഗവൺമെന്റിന്റെ ചില തീരുമാനങ്ങൾ ട്രംപിനെ നിരാശപ്പെടുത്തുകയും ഇന്ത്യ യുഎസിനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്ന് ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യാ സന്ദർശനത്തിൽ വ്യാപാര കരാറുകൾ ചർച്ചയാകുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ”നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ തമ്മിലുളള കൂടിക്കാഴ്ചയിൽ വ്യാപാരം ചർച്ച ചെയ്യും. ഇന്ത്യയിൽ ഇറക്കുമതി തീരുവ വളരെ കൂടുതലാണ്. ലോകത്തിൽവച്ച് ഇറക്കുമതി തീരുവ കൂടുതലുളള രാജ്യം ഇന്ത്യയാണ്,” എന്ന് ട്രംപ് പറഞ്ഞിരുന്നു.

Read More: Donald Trump India Visit Highlights: ഡോണൾഡ് ട്രംപ് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി ചർച്ച നാളെ

അതേസമയം, ഇന്ത്യയുമായി വലിയ വ്യാപാര കരാർ ഉണ്ടാവില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് കരാർ ഒപ്പുവയ്ക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ, യുഎസിനോടു വേണ്ട രീതിയിൽ പെരുമാറുന്നില്ലെന്നതാണ് വ്യാപാര കരാറിനു തടസമായി ട്രംപ് സൂചിപ്പിച്ചത്. ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവയാണ് യുഎസിന്റെ പ്രധാന പ്രശ്നം.

എന്നാൽ പ്രതിരോധ മേഖലയിൽ കര, നാവിക സേനകൾക്കായി 24 ഹെലികോപ്റ്റർ വാങ്ങാനുള്ള കരാർ ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഒപ്പുവയ്ക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന, കാനഡ, മെക്സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമായുള്ള വ്യാപാര കരാറുകളിൽ ഒപ്പുവച്ച യുഎസ്, ഇന്ത്യയുമായും ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. വൻ വ്യാപാര ഇടപാട് ഇത്തവണ നടക്കുന്നില്ലെങ്കിലും, യുഎസുമായി ദീർഘകാലത്തേക്ക് എഫ്ടിഎ പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.

രാവിലെ 9.45ന് മൗര്യ ഷെറാട്ടണ‍ ഹോട്ടലിൽ നിന്ന് പ്രസിഡന്‍റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് പത്തര മണിക്ക് ഇരുവരും രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തും. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും.

വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook