Donald Trump India Visit Highlights ആഗ്ര: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഡൽഹിയിൽ. താജ്‌മഹൽ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും ഡൽഹിയിലേക്ക് തിരിച്ചത്.
ആഗ്ര വിമാനത്താവളത്തിലെത്തിയ ഡോണൾഡ് ട്രംപിനെയും മെലാനിയ ട്രംപിനെയും യുപി ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. അഹമ്മദാബാദിൽ നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുത്തശേഷമാണ് ഇരുവരും ആഗ്രയിലെത്തിയത്.
മോട്ടേര സ്റ്റേഡിയത്തിൽ ചരിത്രം തിരക്കഥയൊരുക്കുകയാണെന്ന് ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “അഞ്ച് മാസം മുമ്പ് ഞാൻ ഹൗഡി മോദിയിലൂടെ യാത്ര ആരംഭിച്ചു. ഇന്ന് എന്റെ പ്രിയപ്പെട്ട് സുഹൃത്ത് ട്രംപ് അഹമ്മദാബാദിൽ ഇന്ത്യയിൽ ‘നമസ്‌തേ ട്രംപ്’ വഴിയും യാത്ര ആരംഭിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ട്രംപ് സബർമതി ആശ്രമത്തിലേക്ക് പോയി, മോദി പറഞ്ഞു, “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക്” അവരെ സ്വാഗതം ചെയ്തു. മോദി’ഇന്ത്യ-യുഎസ് സൗഹൃദം നീണാൾ വാഴട്ടെ’ എന്ന് ഉറക്കെ പറയുകയും കാണികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
തുടർന്ന് സംസാരിച്ച ഡോണൾഡ് ട്രംപ് ഇന്ത്യയേയും മോദിയേയും പ്രശംസിച്ചു. “ഇന്ത്യ മാനവികതയ്ക്ക് പ്രതീക്ഷ നൽകുന്നു. വെറും 70 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറി ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണ്, ”ട്രംപ് പറഞ്ഞു.
Live Blog
US President Donald Trump and First Lady Melania Trump will be on their maiden trip to India on February 24-25. Follow for LIVE updates: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ, തത്സമയ വാർത്തകൾ
ട്രംപിനെ സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയിരുന്നു. ആലിംഗനം ചെയ്താണു മോദി ട്രംപിനെ സ്വീകരിച്ചത്. ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്താണ് ട്രംപ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങൾ റോഡ് ഷോയുടെ ഭാഗമായി. നമസ്തേ ട്രംപ് പരിപാടിയെ അമേരിക്കൻ പ്രഡിസന്റ് അഭിസംബോധന ചെയ്തു.
കഴിഞ്ഞ വർഷം യുഎസിൽ നടന്ന ‘ഹൗഡി, മോദി’ പരിപാടിയുടെ മാതൃകയിലാണ് ‘നമസ്‌തേ ട്രംപ്’ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സബർമതി ആശ്രമത്തിലെത്തിയ ട്രംപും മോദിയും ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിച്ചു. ആശ്രമം സന്ദർശിച്ചതിനു ശേഷമാണ് ഇരുവരും അവരവരുടെ ഔദ്യോഗിക വാഹനങ്ങളിൽ സ്റ്റേഡിയത്തിലെത്തിയത്. ഇരുനേതാക്കളെയും അഭിവാദ്യം ചെയ്യാനായി വൻജനക്കൂട്ടമാണു സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ ഇരുവശത്തും അണിനിരന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഡൽഹിയിൽ. ആദ്യ ദിവസത്തെ പരിപാടികളുടെ അവസാനം കുറിച്ചുകൊണ്ടാണ് ട്രംപ് ഡൽഹിയിൽ എത്തിയിരിക്കുന്നത്. ഇന്ന് ആദ്യം സബർമതി ആശ്രമം സന്ദർശിച്ച ട്രംപ് നമസ്തേ ട്രംപ് പരിപാടിയിലും പങ്കെടുത്ത്. ഇതിന് ശേഷം താജ് മഹലും സനന്ദർശിച്ച ശേഷമാണ് ട്രംപ് ഡൽഹിയിൽ എത്തിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പമുള്ള അത്താഴവിരുന്നിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രധാനമന്ത്രി മനമോഹൻ സിങ്.
‘താജ്മഹൽ വിസ്മയകരമാംവിധം പ്രചോദിപ്പിക്കുന്നത്. സമ്പന്നവും വൈവിധ്യവുമാർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ അധ്യായം. നന്ദി ഇന്ത്യ’ – ട്രംപ് താജ്മഹലിലെ സന്ദർശക രജിസ്റ്ററിൽ കുറിച്ചു
താജ്മഹൽ വിസ്മയിപ്പിക്കുന്നതാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സൗന്ദര്യത്തിന്റെ കാലാതീതമായ തെളിവാണ് താജ്‌മഹലെന്ന് ട്രംപ്
ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും ഭർത്താവ് ജെറാദ് കഷ്‌നറും താജ്മഹലിൽ സന്ദർശിക്കുന്നു
ഡോണൾഡ് ട്രംപും മെലാനിയ ട്രംപും താജ്‌മഹൽ സന്ദർശിക്കുന്നു
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും താജ്‌മഹലിലെത്തി
ആഗ്ര വിമാനത്താവളത്തിലെത്തിയ ഡോണൾഡ് ട്രംപിനെയും മെലാനിയ ട്രംപിനെയും യുപി ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ആഗ്രയിലെത്തി. ഇരുവരും താജ്മഹൽ സന്ദർശിക്കും
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ അടിസ്ഥാനം വിശ്വാസമാണെന്ന് പറഞ്ഞു. “ഞങ്ങൾ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണ്, അമേരിക്കയാണ് ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി”, അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രി മോദി ഒരു എളിയ ചായവിൽപ്പനക്കാരനായി ആരംഭിച്ചു; അദ്ദേഹം ഭക്ഷണശാലയിൽ ജോലി ചെയ്തു, ഇന്ത്യക്കാർക്ക് എന്തും നേടാൻ കഴിയും എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണ് അദ്ദേഹം. അടുത്ത 10 വർഷത്തിനുള്ളിൽ നിങ്ങളുടെ രാജ്യത്തെ കടുത്ത ദാരിദ്ര്യം ഇല്ലാതാക്കപ്പെടും. ഇന്ത്യയ്ക്കും യുഎസിനും സ്വാഭാവികവും നിലനിൽക്കുന്നതുമായ സൗഹൃദമുണ്ട്. ബലപ്രയോഗത്തിലൂടെ ഉയരുന്ന ഒരു ജനതയും സ്വതന്ത്രരാക്കുന്നതിലൂടെ ഉയരുന്ന ഒരു രാജ്യവും തമ്മിൽ വ്യത്യാസമുണ്ട്. അതാണ് ഇന്ത്യ,”ട്രംപ് പറഞ്ഞു.
“ഇന്ത്യ മാനവികതയ്ക്ക് പ്രതീക്ഷ നൽകുന്നു. വെറും 70 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറി ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണ്, ”ട്രംപ് പറഞ്ഞു.
തീവ്രവാദ ഇസ്ലാമിക ഭീകരവാദ ഭീഷണിയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും ഒന്നിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്റെ ഭരണത്തിൻ കീഴിൽ, ഐസിസിന്റെ രക്തദാഹികളായ കൊലയാളികൾക്ക് മേൽ ഞങ്ങൾ അമേരിക്കൻ സൈന്യത്തിന്റെ മുഴുവൻ ശക്തിയും അഴിച്ചുവിട്ടു. ഇന്ന് ഐസിസ് പ്രദേശിക പ്രവാചകനായ രാക്ഷസൻ അൽ ബാഗ്ദാദി മരിച്ചു. ‘
“നാം പ്രതിരോധ സഹകരണം കെട്ടിപ്പടുക്കുന്ന സാഹചര്യത്തിൽ, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ഭയപ്പെടുന്നതുമായ ചില സൈനിക ഉപകരണങ്ങൾ ഇന്ത്യക്ക് നൽകാൻ യുഎസ് ആഗ്രഹിക്കുന്നു. ഞങ്ങൾ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ആയുധങ്ങൾ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്,” യുഎസ് പ്രസിഡന്റ് പറഞ്ഞു
“ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മഹാത്മാഗാന്ധിയുടെ ആശ്രമം സന്ദർശിച്ചതിൽ എനിക്കും പ്രഥമ വനിതയ്ക്കും സന്തോഷം തോന്നുന്നു. ഈ മഹാനായ വ്യക്തിയുടെ സ്മരണയ്ക്കായി നാളെ ഞങ്ങൾ ഡൽഹിയിൽ പുഷ്പചക്രം അർപ്പിക്കും. ഇന്ന്, താജ്മഹൽ എന്ന സ്മാരകം സന്ദർശിക്കും. ,“യുഎസ് പ്രസിഡന്റ് കാണികളോട് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോളിവുഡിനെക്കുറിച്ചും ഭംഗ്രയെക്കുറിച്ചും സംസാരിച്ചു. ബോളിവുഡ് ചിത്രങ്ങൾ, ഭംഗ്ര, ഡിഡിഎൽജെ, ഷോലെ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾ കാണുന്നതിൽ ലോകമെമ്പാടുമുള്ള ആളുകൾ വളരെയധികം സന്തോഷിക്കുന്നുവെന്നും സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയ മികച്ച ക്രിക്കറ്റ് താരങ്ങളെ നിങ്ങൾ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ജൈനന്മാർ, ക്രിസ്ത്യാനികൾ എന്നിവർ വർഷങ്ങളായി ഇവിടെ ആരാധിക്കുന്നു എന്ന നിലയിൽ എന്ത്യ എന്നും പ്രശംസിക്കപ്പെടുന്നു. ഒരു വലിയ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ശക്തമായി നിലകൊള്ളുന്നു,” ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു.
“കഠിനാധ്വാനത്തിലൂടെ ആഗ്രഹിച്ചതെന്തും സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാർക്ക് തെളിയിച്ചു തന്നെന്ന് ട്രംപ്. നിങ്ങളുടെ ഉയർച്ചയുടെ കഥ അവിശ്വസനീയമാണ്,” ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൊട്ടേര സ്റ്റേഡിയത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. അമേരിക്ക എപ്പോഴും ഇന്ത്യയിലെ ജനങ്ങളോട് വിശ്വസ്തത പുലർത്തും. നിങ്ങൾ അമേരിക്കൻ ജനതയ്ക്ക് ഒരു വലിയ ബഹുമാനം നൽകുന്നു. നിങ്ങളുടെ ആതിഥ്യമര്യാദയ്ക്ക് ഞങ്ങൾ എല്ലായെപ്പോഴും നന്ദിയുള്ളവരായിരിക്കും. പ്രധാനമന്ത്രി മോദിയുടെ ജീവിതം ഈ രാജ്യത്തിനായുള്ള പാഠമാണ്. ചെറുപ്പത്തിൽ ഒരു ചായക്കടയിൽ ജോലി ചെയ്തു. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, പക്ഷേ ഞാൻ നിങ്ങളോട് പറയും, അദ്ദേഹം വളരെ കഠിനനാണ്. ഇന്ന് അദ്ദേഹം വളരെയധികം വിജയിച്ച വ്യക്തിയാണ്.
ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തിയതിന് മോദി ഡോണൾഡ് ട്രംപിനെ പ്രശംസിച്ചു. “ഇന്ത്യ-യുഎസ് ബന്ധം ഇനി മറ്റൊരു പങ്കാളിത്തം മാത്രമല്ല. ഇത് വളരെ വലുതും അടുപ്പമേറിയതുമായ ബന്ധമാണ്. ഒന്ന് ‘സ്വതന്ത്രരുടെ ഭൂമി’, മറ്റൊന്ന് ലോകം ഒരു കുടുംബമാണെന്ന് വിശ്വസിക്കുന്നു. ഒരാൾക്ക് ‘സ്വാതന്ത്ര്യ പ്രതിമ’യെക്കുറിച്ച് അഭിമാനം തോന്നുന്നു, മറ്റൊരാൾ’ ഐക്യത്തിന്റെ പ്രതിമ’യെക്കുറിച്ച് അഭിമാനിക്കുന്നു.
“അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു, അമേരിക്ക എല്ലായെപ്പോഴഉം ഇന്ത്യൻ ജനതയോട് വിശ്വസ്തത പുലർത്തുന്ന ഒരു സുഹൃത്തായിരിക്കും” എന്ന് “നമസ്‌തേ ട്രംപ്” പരിപാടിയിൽ സംസാരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മൊട്ടേര സ്റ്റേഡിയത്തെ അഭിവാദ്യം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇത്രയധികം ആളുകളെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞത് വലിയ അംഗീകാരമെന്നു ട്രംപ്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് ആരംഭിച്ചു. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മാത്രം. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഒരു ലക്ഷം ആളുകൾ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യയിലെ പാവപ്പെട്ടവരുടെയും മധ്യവർഗത്തിന്റെയും ജീവിതത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിസിനസിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് താൻ പോകുന്നതെന്ന് ട്രംപ് ഇന്ത്യയിൽ വരുന്നതിനു മുൻപു വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് വ്യാപാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്ന് ഇതിൽനിന്നും വ്യക്തമെന്നും സേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയലിൽ പറയുന്നു. Read More
നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിൽ എത്തി.
സബർമതി ആശ്രമത്തിലെ സന്ദർശകരുടെ പുസ്തകത്തിൽ ഡോണൾഡ് ട്രംപ് സന്ദർശനത്തിന് അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. “എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് … നന്ദി, അത്ഭുതകരമായ സന്ദർശനം!”
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങി മോട്ടേര സ്റ്റേഡിയം. വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച ട്രംപിന്റേയും മോദിയുടേയും റോഡ് ഷോ അവസാനിക്കുന്നത് ഇവിടെയാണ്. റോഡ് ഷോയിൽ ഒരു ലക്ഷത്തിലധികം ആളുകൾ അണിനിരന്നതായി അധികൃതർ അറിയിച്ചു.
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെത്തിയ കാഴ്ച കൗതുകരമായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാഞ്ചലി നടത്തിയതിന് ശേഷം ആശ്രമത്തിനകത്ത് കടന്ന ട്രംപിനും മെലാനിയയ്ക്കും കൂടെ നടന്ന് കാഴ്ചകൾ വിവരിച്ച് കൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. Read More
സബർമതി ആശ്രമത്തിലെ ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിച്ച് ട്രംപും മെലാനിയയും. ആശ്രമത്തിലെ അന്തേവാസികൾ ട്രംപിന് നൂൽ നൂൽക്കുന്നത് കാണിച്ചു കൊടുക്കുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മെലാനിയ ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും സബർമതി ആശ്രമത്തിലെത്തി. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ ട്രംപും മോദിയും പുഷ്പഹാരം നടത്തി. ട്രംപും മെലാനിയയും ആശ്രമത്തിന്റെ അകത്തേക്ക് പ്രവേശിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ട്രംപ് ആദ്യം പോകുന്നത് സബർമതി ആശ്രമത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഔദ്യോഗിക വാഹനങ്ങളിൽ സബർമതിയിലേക്ക് തിരിച്ചു. 12.15ന് ഇരുവരും സബർമതിയിലെത്തും. അരമണിക്കൂറോളം ഇരുവരും ഇവിടെ ചെലവഴിച്ചേക്കും. പിന്നീട് മൊട്ടോര സ്റ്റേഡിയത്തിലേക്ക് നീങ്ങും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. ട്രംപിനെ ആലിംഗനം ചെയ്ത മോദി മെലാനിയെ ഹസ്തദാനം നൽകി സ്വീകരിച്ചു
അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഒരു മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ നിരീക്ഷിക്കാനായി പ്രധാനമന്ത്രി എത്തിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി വേദിയിൽ ഒരു പ്രത്യേക ബുള്ളറ്റ് പ്രൂഫ് എൻക്ലോസർ സൃഷ്ടിച്ചു. റോഡ്ഷോ നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന “നമസ്‌തേ ട്രംപ്” പരിപാടിയിൽ പങ്കെടുക്കും. A special bulletproof enclosure has been created on the stage for US President Donald Trump. @IndianExpress pic.twitter.com/OuJ4gFEJtc— Shubhajit Roy (@ShubhajitRoy) February 24, 2020
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. എയർഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് അഹമ്മദാബാദിൽ എത്തിയത്
അഹമ്മദാബാദിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റോഡ്ഷോ വഴിയിലെ ഇന്ദിര ബ്രിഡ്ജ് ജഗ്ഷന് സമീപമുള്ള സരാനിയവാസ് ചേരിയിൽ അഹമ്മദാബാദ് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.
വാണിജ്യ മന്ത്രാലയത്തിന്റെ 2018-19 ലെ ഡേറ്റ പ്രകാരം ചൈനയെ മറികടന്ന് അമേരിക്ക ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയായി മാറി. ഈ കാലയളവിൽ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 87.95 ബില്യൺ യുഎസ് ഡോളറാണ്. ചൈനയുമായുള്ളത് 87.07 ബില്യൺ ഡോളറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അവരുടെ സാമ്പത്തിക ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് വ്യാപാര വിദഗ്ധർ പറയുന്നു. ഇരു രാജ്യങ്ങളുടേയും വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിന് സ്വതന്ത്ര വ്യാപാര കരാർ വലിയ രീതിയിൽ സഹായിക്കുമെന്ന് അമേരിക്കൻ ബിസിനസ് അഡ്വക്കസി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. Read More
ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി. ‘ഞങ്ങൾ ഇന്ത്യയിലെത്താൻ കാത്തിരിക്കുന്നു. ഞങ്ങൾ യാത്രയിലാണ്, കുറച്ച് മണിക്കൂറിനുള്ളിൽ എല്ലാവരേയും കാണും! ‘ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ‘നമസ്‌തെ ട്രംപ്’ പരിപാടിയ്ക്ക് സാക്ഷ്യം വഹിക്കാൻ അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ സന്ദർശകരുടെ പ്രവേശനം ആരംഭിച്ചു. പ്രസിഡന്റ് ട്രംപ് ഇന്ന് ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലെത്തും.
“ഇന്ത്യ നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു. നിങ്ങളുടെ സന്ദർശനം തീർച്ചയായും നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശക്തിപ്പെടുത്തും. അഹമ്മദാബാദിൽ ഉടൻ കാണാം,” ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രഥമ വനിത മെലാനിയ ട്രംപിന്റെയും റോഡ്ഷോയിൽ ഇന്ന് ഗർബ ഡാൻസ് അവതരിപ്പിക്കുന്ന കലാപ്രവർത്തകരുടെ സംഘം
പ്രസിഡന്റ് ട്രംപ് ഇന്ന് ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലെത്തുന്നു. പ്രധാനമന്ത്രി മോദി അദ്ദേഹത്തോടൊപ്പം റോഡ്ഷോ നടത്തുകയും സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നഗരത്തിലെത്തിയ ശേഷം ഇന്ന് ആശ്രമം സന്ദർശിക്കും.
ഒഡീഷയിലെ പുരി ബീച്ചിൽ ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം പ്രമാണിച്ച് സുദർശൻ പട്നായിക് ഒരുക്കിയ മണൽ ചിത്രം
മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്‌തെ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന ആളുകൾക്ക് കുടിവെള്ളത്തിനായി 16 ഇടങ്ങൾ. 16 ഇടങ്ങളിലും മൂന്ന് വീതം ആളുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വീകരിക്കാൻ വിപുലമായ പരിപാടികളുമായി ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ അഹമ്മദാബാദിലേക്ക് പുറപ്പെടും, അവിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം റോഡ്ഷോ നടത്തുകയും മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. പ്രസിഡന്റ് ട്രംപ് ഇന്ന് ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയിലെത്തും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിന് പുറത്ത് സുരക്ഷ ശക്തമാക്കി.