വാഷിങ്ടൺ: വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാൻസാസ് വെടിവയ്‌പിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടത് അപലപിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ മികച്ചതാക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുമെന്നും ട്രംപ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ പറഞ്ഞു.

അതേസമയം, വിസ നിയന്ത്രണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. പരിശോധന അസാധ്യമായ രാജ്യങ്ങളിൽ നിന്നുളള അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. അമേരിക്കയിലെത്തുന്നവർ അമേരിക്കയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും ട്രംപ് പറഞ്ഞു. ഇസ്‌ലാമിക ഭീകരതയിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം യുഎസ് കോൺഗ്രസിൽ പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിവച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ഒബാമ കെയർ ട്രംപ് അവസാനിപ്പിച്ചു. ഒബാമ കെയറിൽ നിന്ന് അമേരിക്കയെ രക്ഷിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. കുറഞ്ഞ ചെലവിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളും ട്രംപ് നേരത്തെ ഉന്നയിച്ചിരുന്നു. തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഒബാമയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ