ന്യൂയോർക്ക്: ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പാക്കിസ്ഥാന് നൽകുന്ന ധനസഹായം നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ”കഴിഞ്ഞ 15 വർഷമായി 33 ബില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് പാക്കിസ്ഥാന് യുഎസ് നൽകിയത്. പക്ഷേ പാക്കിസ്ഥാൻ തിരിച്ചുനൽകിയത് ചതിയും വഞ്ചനയും മാത്രം. ഞങ്ങളുടെ നേതാക്കൾ മണ്ടന്മാരാണെന്നാണ് പാക്കിസ്ഥാന്റെ വിചാരം” ട്രംപ് ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനികർ വേട്ടയാടിയ സൈനികർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പാക്കിസ്ഥാന് നൽകുന്ന 255 മില്യൻ ഡോളർ ധനസഹായം പിൻവലിക്കാൻ യുഎസ് ഭരണകൂടം ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് പരസ്യമായി ഇക്കാര്യം അറിയിച്ച് യുഎസ് പ്രസിഡന്റ് തന്നെ രംഗത്തുവന്നത്.

ഭീകരർക്കെതിരെ പാക് സർക്കാർ സ്വീകരിക്കുന്ന അനുകൂല സമീപനമാണ് യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. സത്യം ലോകത്തിനുമുന്നിൽ അധികം വൈകാതെ തുറന്നുകാട്ടുമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റിനെക്കുറിച്ചുളള പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഖൗജ ആസിഫിന്റെ പ്രതികരണം. ”ഉടൻതന്നെ യുഎസ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടി നൽകും. സത്യം ലോകം അറിയും. സത്യവും മിഥ്യയും തമ്മിലുളള വ്യത്യാസവും…” ആസിഫ് ട്വീറ്റ് ചെയ്തു.

ഡോണൾഡ് ട്രംപ് സൗത്ത് ഏഷ്യ പോളിസി പ്രഖ്യാപിച്ചതോടെയാണ് യുഎസ്-പാക്കിസ്ഥാൻ ബന്ധത്തിന് വിളളലുണ്ടായത്. ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുകയാണെന്നും ഭീരർക്കെതിരെ ശക്തമായ നടപടി പാക്കിസ്ഥാൻ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ട്രംപിന്റെ ഇപ്പോഴത്തെ ട്വീറ്റിനു പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഭീകരസംഘടനയായ ജമാത്ത് ഉദ്ധവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ് 2018 ലെ പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിൽ മൽസരിക്കുന്നതായും മില്ലി മുസ്‌ലിം ലീഗ് (എംഎംഎൽ) എന്ന പുതിയ പാർട്ടി രൂപീകരിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈ ഭീകരാക്രമണക്കേസിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സയീദിനെ അടുത്തിടെയാണ് തെളിവുകളുടെ അഭാവത്തിൽ മോചിപ്പിച്ചത്.

ട്രംപിന്റെ ട്വീറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധുരിക്കുന്നതാണ്. യുഎൻ ഭീകരപട്ടികയിലുളള ഭീകരൻ ഉൾപ്പെടെയുളളവർക്കും ഭീകരസംഘടനകൾക്കും പാക്കിസ്ഥാൻ അഭയം നൽകുകയാണെന്ന ഇന്ത്യയുടെ വാദത്തെയാണ് യുഎസ് അംഗീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook