കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അഫ്‌ഗാനിസ്ഥാനിലെ നന്‍ഗഹറിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ താവളത്തിലാണ് അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയത്. ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB ആണ് അമേരിക്ക പ്രയോഗിച്ചത്.

കൊല്ലപ്പെട്ടവരിൽ കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നൻഗഹറിലാണ് ഇവർ താമസിച്ചിരുന്നത്. തങ്ങൾ നൻഗഹറിലാണ് ഉള്ളതെന്ന് കുടുംബാഗങ്ങൾക്ക് ഇവർ നേരത്തെ വാട്‌സ്അപ്പ് സന്ദേശം അയച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരുണ്ടോ എന്ന് പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ അഫ്‌ഗാനിസ്ഥാനിലേയ്ക്ക് പോകും. മലയാളികൾ ഉണ്ടായിരുന്ന മേഖലയാണ് ഇതെന്നാണ് വിവരം, എന്നാൽ ഇപ്പോൾ കൊല്ലപ്പെട്ടവരിൽ ഇവരുണ്ടോ എന്ന് വ്യക്തമല്ല.

ഐഎസിന് എതിരെ കനത്ത വ്യോമാക്രമണമാണ് അമേരിക്ക നടത്തുന്നത്. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യുഎസ് സൈന്യം അറിയിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ