വാഷിങ്ടണ്‍: ലണ്ടന്‍ ഭീകരാക്രമണത്തിന് പിന്നാലെ ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാർക്കേർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ വിലക്കാനുള്ള ട്രംപിന്റെ നീക്കത്തിന് കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. വിലക്കേര്‍പ്പെടുത്തുന്ന തീരുമാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

”നമ്മള്‍ കൂടുതല്‍ കരുതലോടെയിരിക്കണം. നിയമം കൂടുതല്‍ കര്‍ക്കശമാകണം. നമുക്ക് നമ്മുടെ അവകാശങ്ങള്‍ കോടതിയിൽ നിന്ന് തിരിച്ചുകിട്ടണം. കൂടുതല്‍ സുരക്ഷയ്ക്കായി നമുക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ട്” എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ലണ്ടന്‍ ഭീകരാക്രമണ ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതിന് ശേഷമാണ് ട്രംപ് യാത്രാവിലക്ക് എടുത്തിട്ടത്. ‘അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏത് സഹായവും ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു ട്രംപിന്റെ ആദ്യ ട്വീറ്റ്.

ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. യുകെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്‍കാന്‍ അമേരിക്ക തയാറാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ