വാഷിങ്ടൺ: ഭ്രൂണഹത്യ നിയന്ത്രിക്കുന്നതിനുള്ള നയം പുനഃസ്ഥാപിച്ച് അമേരിക്കൻ പ്രസിിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളെ ഭ്രൂണഹത്യ സംബന്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുന്ന നിയമം കൂടുതൽ കർശനമാക്കാനാണ് ട്രംപിന്റെ പുതിയ നീക്കം.
മെക്സിക്കോ സിറ്റി പോളിസി എന്നറിയപ്പെടുന്ന നയം പുനഃസ്ഥാപിക്കുകയാണ് ട്രംപ് ചെയ്തത്. ഭ്രൂണഹത്യയോ അതിനായുള്ള പ്രചരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായം വിലക്കുന്നതാണ് മെക്സിക്കോ സിറ്റി പോളിസി. സ്ത്രീ ആരോഗ്യവും അവകാശങ്ങളും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സ്ത്രീ സംഘടനകൾ ലോകവ്യാപകമായി തെരുവിലിറങ്ങിയതിന് ശേഷമാണ് ട്രംപിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.
1977 മുതൽ അമേരിക്കയുടെ സാമ്പത്തിക സഹായം സ്വീകരിച്ചു കൊണ്ട് ഭ്രൂണഹത്യ സംബന്ധിച്ച പ്രവർത്തികൾ വിലക്കുന്ന നിയമം നിലവിലുണ്ട്. 1984 ൽ പ്രസിഡന്റായിരുന്ന ഡോണൾഡ് റീഗൻ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തുന്ന സന്നദ്ധ സംഘടനകളെ നിരോധിക്കുന്ന തരത്തിൽ നിയമം കർശനമാക്കിയിരുന്നു. എന്നാൽ ബിൽ ക്ളിന്റൻ ഈ നിയമം പിന്നീട് റദ്ദാക്കിയിരുന്നു. പിന്നീട് പ്രസിഡന്റ് ജോർജ് ബുഷ് ഈ നിയമം പുനഃസ്ഥാപിച്ചു. പിന്നീട് ഒബാമ അധികാരത്തിലെത്തിയപ്പോൾ ഈ നിയമം റദ്ദാക്കിയിരുന്നു. അതാണിപ്പോൾ ട്രംപ് പുനഃസ്ഥാപിച്ചിരിക്കുന്നത്. ട്രംപിന്റെ പുതിയ നടപടിക്കെതിരെ അമേരിക്കയിലെ സ്ത്രീ അവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.