വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ട്രംപ് തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഒബാമയാണെന്ന് പറഞ്ഞു.

ഫോക്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഒബാമക്കെതിരെ വിമര്‍ശനവുമായെത്തിയത്. റിപ്പബ്ലിക്കന്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിഷേധവും രാജ്യത്തുടനീളം തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളും കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു.

വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒബാമയോട് അടുപ്പമുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. രാജ്യം ഇത്തരം നീക്കങ്ങളിലൂടെ അധപ്പതിക്കുകയാണ്. ഇതു രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ട്രംപ് പ്രതികരിച്ചു. ഏഴു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കിന് ഇപ്പോഴും അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഒബാമയുടെ നയങ്ങളെ അട്ടിമറിച്ചുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഒബാമയ്ക്കെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ