ലക്‌നൗ: ഉമേഷ് പാല്‍ വധക്കേസില്‍ പൊലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 10.30 ഓടെ പ്രയാഗ്രാജിലെ കോള്‍വിന്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനിടെ ഇരുവര്‍ക്കും നേരെ രണ്ട് യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു.പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്.
ഏപ്രില്‍ 13 മുതല്‍ ആതിഖും അഷ്റഫും പൊലീസ് കസ്റ്റഡിയിലായിരുന്നു. സെമി-ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ ഉപയോഗിച്ച് നിരവധി റൗണ്ട് വെടിയുതിര്‍ത്തതിന് ശേഷം ഷൂട്ടര്‍മാരും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും പൊലീസില്‍ കീഴടങ്ങി. വെടിവെപ്പിന് ഉപയോഗിച്ച രണ്ട് പിസ്റ്റളുകള്‍ സംഭവസ്ഥലത്ത് എറിഞ്ഞത് തിരിച്ചറിഞ്ഞിട്ടില്ല. ”അവരെ ചോദ്യം ചെയ്യുകയാണ്, വിശദാംശങ്ങള്‍ ഞങ്ങള്‍ പിന്നീട് അറിയും,” സ്ഥലം സന്ദര്‍ശിച്ച പ്രയാഗ്രാജ് പൊലീസ് കമ്മീഷണര്‍ രമിത് ശര്‍മ്മ പറഞ്ഞു.
ഉത്തര്‍പ്രദേശ് എല്ലാ ജില്ലകളിലും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അതിഖിന്റെയും സഹോദരന്‍ അഷ്റഫിന്റെയും കൊലപാതകം അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.ഇരുവരെയും പ്രയാഗ്രാജിലെ കസരി മസാരി ഗ്രാമത്തില്‍ സംസ്‌കരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെടിവയ്പുണ്ടായ ഉടന്‍ ഡിജിപി ആര്‍കെ വിശ്വകര്‍മയെയും ക്രമസമാധാന വകുപ്പ് സ്പെഷ്യല്‍ ഡിജി പ്രശാന്ത് കുമാറിനെയും വിളിച്ചുവരുത്തി.
ആതിഖിന്റെയും അഷ്റഫിന്റെയും ചോദ്യം ചെയ്യല്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും പതിവ് നിയമനടപടികള്‍ അനുസരിച്ച് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരിച്ചയക്കുന്നതിന് മുമ്പ് പരിശോധനയ്ക്കായി ഇരുവരെയും പൊലീസ് സുരക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
2005ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നില്‍ ആദിഖിന്റെ സംഘമായിരുന്നു. ഇതിന് സമാനമായ ആക്രമണമാണ് ആതിഖിനെയും അഷ്‌റഫിനും നേരെയുണ്ടായത്.