ന്യൂഡല്‍ഹി: ഡൊമിനിക്കയില്‍ അറസ്റ്റിലായ ജുവലറി വ്യാപാരി മെഹുൽ ചോക്സിക്ക് ജാമ്യം. കരീബിയന്‍ ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ആന്റിഗ്വയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയും ചോക്സിക്ക് ലഭിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോക്സിയെ ചോദ്യം ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ കോടതിയെ സമീപിച്ച അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.
ചോക്സിയൊരു ഇന്ത്യന്‍ പൗരനാണെന്ന് ഇന്ത്യ വാദിച്ചപ്പോള്‍, താന്‍ 2017ല്‍ ആന്റിഗ്വ പൗരത്വം സീകരിച്ചെന്ന് ചോക്സിയും വ്യക്തമാക്കി. ചോക്സി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ താൽപര്യമുണ്ടെന്നും ആന്റിഗ്വയും പറഞ്ഞിരുന്നു.
ചോക്സിക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് ആന്റിഗ്വയിലേക്ക് യാത്ര ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. 10,000 ഈസ്റ്റേണ്‍ കരീബിയന്‍ ഡോളര്‍ ബോണ്ടായി കെട്ടിവയ്ക്കാനും, ചികിത്സയ്ക്ക് ശേഷം ആന്റിഗ്വയിലേക്ക് മടങ്ങിയെത്താനും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.
“ചികിത്സ സ്വീകരിക്കുന്നതില്‍ സ്വയം തീരുമാനമെടുക്കാമെന്ന മനുഷ്യാവകാശത്തെ ഡോമിനിക്ക കോടതി ശരിവച്ചിരിക്കുന്നു. വിവിധ ഏജന്‍സികളുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല,” ചോക്സിയുടെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ പറഞ്ഞു.
ചോക്സിയുടെ ജാമ്യാപേക്ഷ ജൂലൈ 23 നായിരുന്നു പരിഗണിക്കേണ്ടത്. എന്നാല്‍ ചികിത്സ സംബന്ധിച്ചുള്ളതായതിനാലാണ് ഇന്നലെ പരിഗണിച്ചതെന്ന് ആന്റിഗ്വ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോക്സിക്ക് നാഡീസംബന്ധമായ രോഗത്തിന് ആന്റിഗ്വയിലെ ചികിത്സ ആവശ്യമാണെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.
Also Read: മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; വികസനം ചര്‍ച്ചയാകും