2001നും 2018 നും ഇടയിൽ ഇന്ത്യയിലെ ഗാർഹിക പീഡന കേസുകളുടെ എണ്ണം 53 ശതമാനം വർധിച്ചതായി ബിഎംസി വിമൻസ് ഹെൽത്തിന്റെ പഠനം. ഈ കേസുകളിൽ ഭൂരിഭാഗവും ‘ഭർത്താവിനെതിരെയോ ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയോ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് പഠനത്തിൽ പറയുന്നു.
2018ൽ 1,00,000 സ്ത്രീകളിൽ 28.3 ശതമാനം പേർ ഭർത്താക്കന്മാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും 2001നെ അപേക്ഷിച്ച് ഇതിൽ 53 ശതമാനത്തിന്റെ വർധനയുണ്ടായെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2018ൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധന മരണങ്ങളുടെയും ആത്മഹത്യാ പ്രേരണയുടെയും നിരക്ക് യഥാക്രമം രണ്ട് ശതമാനവും 1.4 ശതമാനവുമാണ്. നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) വാർഷിക റിപ്പോർട്ടിൽ നിന്ന് ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത, സ്ത്രീധന മരണങ്ങൾ, ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനത്തിനെതിരായ സ്ത്രീ സംരക്ഷണ നിയമവും പ്രകാരം റിപ്പോർട്ട് ചെയ്ത കേസുകൾ എന്നിങ്ങനെ നാല് ഗാർഹിക പീഡന കുറ്റകൃത്യങ്ങളുടെ ഡേറ്റ വിശകലനം ചെയ്തതാണ് ഗവേഷണം നടത്തിയിട്ടുള്ളത്.
ഇന്ത്യയിൽ 2001 മുതൽ 2018 വരെ ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരതയുടെ പേരിൽ 1,548,548 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 2014നും 2018നും ഇടയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 554,481 (35.8%) കേസുകളാണ്. ഇന്ത്യയിൽ ഈ കുറ്റകൃത്യങ്ങളുടെ നിരക്ക് 2001ൽ 18.5 ആയിരുന്നു. 15-49 വയസിനിടയിൽ പ്രായമുള്ളവരാണ് ഈ കുറ്റകൃത്യങ്ങളിൽ ഇരയായവരിൽ കൂടുതലും.
ഡൽഹി, അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ 2001-2018 കാലയളവിൽ 160 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഏറ്റവും വലിയ ഇടിവ് മിസോറാമിലാണ്, 2001 മുതൽ 2018 വരെ 74.3 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ഗാർഹിക പീഡനം കുറയ്ക്കുന്നതിൽ ഔദ്യോഗിക സംവിധാങ്ങൾക്കുണ്ടായ വീഴ്ചയും പഠനം ചൂണ്ടിക്കാട്ടുന്നു. ഫയൽ ചെയ്ത കേസുകളിൽ 6.8 ശതമാനം മാത്രമാണ് 2018 ൽ വിചാരണ പൂർത്തിയാക്കിയതെന്നും ഇതിൽ ഭൂരിഭാഗം പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടെന്നും പഠനത്തിൽ പറയുന്നു. ദീർഘ നാൾ കാത്തിരിക്കേണ്ടി വരുന്നതും നീണ്ട വിചാരണ കാലവും കേസുകൾ നൽകുന്നതിന് സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് പഠനത്തിലെ പ്രധാന ഗവേഷകയും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ പ്രൊഫസറുമായ പ്രൊഫ രാഖി ദണ്ഡോണ പറഞ്ഞു.