ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സീറ്റ് നിയന്ത്രണം ഒഴിവാക്കി. ഒക്ടോബർ 18 മുതൽ വിമാനകമ്പനികൾക്ക് മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായി യാത്ര ചെയ്യാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു കൊണ്ടാണ് തീരുമാനമെന്നും വ്യക്തമാക്കി.
നിലവിൽ ആഭ്യന്തര വിമാനങ്ങൾ 85 ശതമാനം സീറ്റുകളിൽ മാത്രം ആളുകളുമായാണ് യാത്ര നടത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 12നും സെപ്റ്റംബർ 18നും 72.5 ശതമാനം യാത്രക്കാരുമായി സർവീസ് നടത്താൻ ആയിരുന്നു അനുമതി.
അതിനു മുൻപ് ജൂലൈ- ഓഗസ്റ്റ് മാസങ്ങൾക്കിടയിൽ ഇത് 65 ശതമാനവും അതിനു മുൻപ് 50 ശതമാനവും ആയിരുന്നു.
Also Read: ചില സംഭവങ്ങളില്‍ മാത്രം ചിലര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു: പ്രധാനമന്ത്രി മോദി
ആദ്യ ലോക്ക്ഡൗണിനു ശേഷം വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ 33 ശതമാനം സീറ്റുകൾ മാത്രമാണ് ഒരു വിമാനത്തിൽ നൽകിയിരുന്നത്. കഴിഞ്ഞ ഡിസംബർ ആയപ്പോഴേക്കും ഇത് പതിയെ കൂട്ടി 80 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഈ വർഷം ജൂൺ ഒന്ന് വരെ അത് തുടർന്നു.
എന്നാൽ രണ്ടാം തരംഗം ഉണ്ടായതോടെ കഴിഞ്ഞ മെയ് അവസാനം 80 ശതമാനം എന്നത് 50 ശതമാനമായി കുറയ്ക്കുകയായിരുന്നു.