ന്യൂഡല്‍ഹി: ആഭ്യന്തര വിമാന നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഓഗസ്റ്റ് 31 മുതല്‍ നീക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. ഏതാണ്ട് 27 മാസത്തെ ഇടവേളയ്ക്കുശേഷമാണു നിയന്ത്രണം നീക്കുന്നത്.
”വ്യോമയാന ഇന്ധനത്തിന്റെ (എ ടി എഫ്) ദൈനംദിന ഡിമാന്‍ഡും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാണു വിമാന നിരക്ക് നിയന്ത്രണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. സമീപഭാവിയില്‍ ഈ മേഖല ആഭ്യന്തര ഗതാഗതത്തില്‍ വളര്‍ച്ച കൈവരിക്കുമെന്ന് ഉറപ്പുണ്ട്,” വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം കാരണം എ ടി എഫ് വില റെക്കോഡ് ഉയരത്തിലേക്കു കുതിച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകളായി വില കുറയുകയാണ്. ഓഗസ്റ്റ് ഒന്നിനു ഡല്‍ഹിയില്‍ എ ടി എഫ് വില കിലോ ലിറ്ററിന് 1.21 ലക്ഷം രൂപയാണ്. ഇത് കഴിഞ്ഞ മാസത്തേക്കാള്‍ 14 ശതമാനം കുറവാണ്.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രണ്ടു മാസത്തെ ലോക്ക്ഡൗണിനു ശേഷം 2020 മേയ് 25നാണു വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചത്. ഈ സമയത്താണ് യാത്രാദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളില്‍ കുറഞ്ഞതും കൂടിയതുമായ പരിധികള്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയത്.
ഉദാഹരണത്തിന്, നിലവില്‍ 40 മിനിറ്റില്‍ താഴെയുള്ള ആഭ്യന്തര യാത്രകള്‍ക്കു ജി എസ് ടി ഒഴികെ 2,900 രൂപയില്‍ താഴെയും 8,800 രൂപയില്‍ കൂടുതലും ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്കു കഴിയില്ല. താഴ്ന്ന പരിധി സാമ്പത്തികമായി ദുര്‍ബലരായ വിമാനക്കമ്പനികള്‍ക്കു ഗുണകരമാകുേമ്പാള്‍ ഉയര്‍ന്ന പരിധി യാത്രക്കാര്‍ക്കു സംരക്ഷണമായി മാറി.
”ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര സര്‍വസുകളുടെ നിലവിലെ അവസ്ഥ, വിമാനയാത്രയ്ക്കുള്ള ഡിമാന്‍ഡ് എന്നിവ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിരക്ക് പരിധി ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ തരത്തില്‍ നീക്കാന്‍ തീരുമാനിച്ചു. എങ്കിലും വിമാനക്കമ്പനികളും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരും കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും യാത്രാവേളയില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കണം,” വ്യോമയാന മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.
വിമാനനിരക്കിലെ താഴ്ന്നതും ഉയര്‍ന്നതുമായ പരിധികള്‍ വര്‍ധിപ്പിച്ചാല്‍ താന്‍ സന്തോഷവാനാകുമെന്നു വിമാനക്കൂലിയില്‍ വിമാനക്കമ്പനികള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുന്നതാണ് ഏറ്റവും നല്ല പരിഹാരമെന്നും വിസ്താര സി ഇ ഒ വിനോദ് കണ്ണന്‍ ജൂണ്‍ 19ന് പറഞ്ഞിരുന്നു.