ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. കോവിഡ് മഹാമാരിക്ക് മുന്പത്തേക്കാള് മെച്ചപ്പെട്ട നിലയിലാണ് മേഖലയുടെ മുന്നോട്ട് പോക്ക്. യുവതി-യുവാക്കളുടെ യാത്ര താതപര്യം വര്‍ധിച്ചതും ഗ്രൂപ്പ് യാത്രകളുടെ എണ്ണം ഉയര്‍ന്നതുമാണ് തിരുച്ചവരവിന് സഹായിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
വിമാനക്കൂലി വര്‍ധിച്ചിട്ടും ഹോട്ടല്‍ താരിഫുകള്‍ ഉയര്‍ന്നിട്ടും ആഭ്യന്തര വിമാന യാത്രകളോടുള്ള താത്പര്യത്തില്‍ ഇടിവ് സംഭവിച്ചിട്ടില്ല. രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഡിസംബർ 24-ന് റെക്കോര്‍ഡ് രേഖപ്പെടുത്തി, 4.35 ലക്ഷം. കോവിഡിന് മുന്‍പ് 2019-ല്‍ ഒരു ദിവസം 4.29 ലക്ഷം പേര് യാത്ര ചെയ്തതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്.
യാത്രക്കാരുടെ എണ്ണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ദ്യയുടെ ഇടപെടലിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിദേശയാത്രകളും സജീവമാകുന്നുണ്ട്.
“ഉപയോഗിക്കാത്ത അവധികള്‍, സമ്മര്‍ദങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ആളുകളുടെ അതിയായ ആഗ്രഹം എന്നിവയാണ് ആഭ്യന്തര യാത്രയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. മഹാമാരിയുടെ മുന്പത്തേക്കാള് 110 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് പുറമെ, നവദമ്പതികള്‍, സുഹൃത്തുക്കള്‍, യുവ പ്രൊഫഷണലുകള്‍ എന്നിവരും യാത്രികരില്‍ ഉള്‍പ്പെടുന്നു,” തോമസ് കുക്ക് ഇന്ത്യ പ്രസിഡന്റ് രാജീവ് കേൾ പറഞ്ഞു.
ആഭ്യന്തര യാത്രികരെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ഗോവ, കശ്മീര്‍, രാജസ്ഥാന്, കേരളം, ആന്‍ഡമാന്‍ തുടങ്ങിയവായണ്. യാത്രാ സേവനദാതാക്കളായ ക്ലിയർട്രിപ്പ്, തോമസ് കുക്ക് എന്നിവ പങ്കിട്ട ഡാറ്റ അനുസരിച്ച് ആത്മീയ വിനോദസഞ്ചാരകേന്ദ്രങ്ങളായ വാരണാസി, പ്രയാഗ്രാജ്, പുരി, വൈഷ്ണോദേവി, ഉജ്ജയിൻ, തിരുപ്പതി എന്നിവിടങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കുണ്ട്.