ന്യൂഡൽഹി: ഈ വേനലവധിക്കാലത്ത് ഇന്ത്യയിലെ വിമാന യാത്രക്കാർ അസാധാരണമായ ഒന്ന് കാണാനിടയുണ്ട്. ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്കുകൾ ഉയരുകയും അന്തരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുമ്പോൾ വിദേശത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് കുറയുകയും ചെയ്തേക്കാം.
ഓൺലൈൻ ട്രാവൽ ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ആഭ്യന്തര മേഖലയിൽ കഴിഞ്ഞ രണ്ടോ നാലോ ആഴ്‌ചയ്ക്കിടെ വിമാന നിരക്ക് 15-30 ശതമാനം വർധിച്ചു.
ഫെബ്രുവരി 25 നും മാർച്ച് മൂന്നിനു ഇടയിൽ ഡൽഹി-മുംബൈ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 5,119 രൂപയ ആയതായി ഓൺലൈൻ ട്രാവൽ ഏജൻസിയായ ഇക്‌സിഗോ അറിയിച്ചു. ഫെബ്രുവരി ഒന്നിനും ഏഴിനും ഇടയിൽ ഇത് 4,055 രൂപയായിരുന്നു. ഇതിനേക്കാൾ 26 ശതമാനം കൂടുതലാണ് നിലവിലെ നിരക്ക്.
അതുപോലെ, കൊൽക്കത്ത-ഡൽഹി വൺവേ വിമാന ടിക്കറ്റിന്റെ നിരക്ക് 4,725 രൂപയിൽ നിന്ന് 29 ശതമാനം വർധിച്ച് 6,114 രൂപയായി. ഡൽഹി-ബെംഗളൂരു നിരക്കും 4,916 രൂപയിൽ നിന്ന് 6,239 രൂപയായി ഉയർന്നു.
ആഭ്യന്തര മേഖലയിൽ, വിമാനക്കമ്പനികൾ 15 ദിവസത്തെ കാലയളവിലേക്ക് ഒരു ടിക്കറ്റ് നിരക്ക് നിശ്ചയിക്കണം. ഉദാഹരണത്തിന്, മാർച്ച് ഒന്ന് മുതൽ മാർച്ച് 16 വരെയുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് സാധാരണ പരിധിയേക്കാൾ കൂടുതലോ ഫ്ലോർ നിരക്കിനേക്കാൾ കുറവോ ആവാൻ കഴിയില്ല. എന്നാൽ, എയർലൈനുകൾക്ക് മാർച്ച് 17ലെ വിമാനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ടിക്കറ്റ് നിരക്ക് ഈടാക്കാം.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചത് ജെറ്റ് ഇന്ധനത്തെയും ബാധിച്ചതിനാലാണ് വിമാനക്കമ്പനികളും നിരക്ക് വർദ്ധിപ്പിച്ചത്. മാർച്ച് ഒന്ന് മുതൽ ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 95,350.66 രൂപയാണ്, 2021 മാർച്ച് ഒന്നിന് ഇത് കിലോലിറ്ററിന് 59,400.91 രൂപയായിരുന്നു. കാരണം, അന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 68 ഡോളറായിരുന്നു, ഈ മാസം എട്ടിന് ഇത് ബാരലിന് 129.47 ഡോളറായി ഉയർന്നു.
“ഇന്ധനവിലയിലെ വർദ്ധനവ് കാരണം, എല്ലാ ആഭ്യന്തര റൂട്ടുകളിലും എയർലൈൻ നിരക്കുകളിൽ 20% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡൽഹി, ഗോവ, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിമാന നിരക്കുകളിലും ബുക്കിങിലും വർധനയുണ്ടായതായി ഞങ്ങൾ മനസിലാക്കി.” യാത്രാ ഡോട്ട് കോമിന്റെ വക്താവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
എണ്ണ വില വർധിക്കുമ്പോഴും, മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുമ്പോൾ അവയുടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, എയർ ബബിൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന വിമാനങ്ങൾക്ക് ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കഴിയും.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഓരോ ആഴ്ചയും ഇന്ത്യയിൽ നിന്ന് ഏകദേശം 2,000 അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തി നടത്തി. കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പ് എല്ലാ ആഴ്ചയും ഇന്ത്യയിൽ നിന്ന് 4,700 സർവീസുകളാണ് ഉണ്ടായിരുന്നത്.
യുക്രൈൻ പ്രതിസന്ധിയും, എണ്ണവില വർധനവും തുടങ്ങിയ സമീപകാല സംഭവങ്ങൾ അന്താരാഷ്ട്ര നിരക്കുകളിലെ വർദ്ധനവിന് കാരണമായി. ഉദാഹരണത്തിന്,ഇക്സിഗോയുടെ കണക്ക് പ്രകാരം, 2020 ഫെബ്രുവരിയിൽ (കോവിഡിന് മുമ്പുള്ള) ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള ശരാശരി റൗണ്ട് ട്രിപ്പ് നിരക്ക് 24,751 രൂപയായിരുന്നു, 2022 ഫെബ്രുവരിയിലെ കോവിഡ് നിയന്ത്രങ്ങൾ ഉള്ള വിമാനങ്ങളിൽ ഇത് 32,651 രൂപയായിരുന്നു – 32 ശതമാനം വർദ്ധനവുണ്ടായി.
Also Read: സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും; ഭാവി മാർഗരേഖ തയ്യാറാക്കാൻ പ്രവർത്തക സമിതി തീരുമാനം
അതുപോലെ, 2020 ഫെബ്രുവരിയിൽ ഡൽഹി-മാഡ്രിഡ് റൂട്ടിലെ ശരാശരി നിരക്ക് 48,418 രൂപയായിരുന്നു, 2022 ഫെബ്രുവരിയിൽ ഇത് 39 ശതമാനം ഉയർന്ന് 67,436 രൂപയായി.
“പതിവ് അന്താരാഷ്‌ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു, കോവിഡ് നിയന്ത്രണങ്ങളിൽ അന്താരാഷ്‌ട്ര യാത്രകൾ ചെലവേറിയതാക്കി…മുഴുവൻ സീറ്റിലും ആളുകൾ കേറുകയും കണക്റ്റിവിറ്റിയും കൂടുതൽ റൂട്ടുകളും വരുന്നതോടെ, വരും മാസങ്ങളിൽ രാജ്യാന്തര നിരക്കുകളിൽ ഇടിവ് പ്രതീക്ഷിക്കാം. “ഇക്സിഗോയുടെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ അലോക് ബാജ്പേയ് പറഞ്ഞു.
“ഇന്ത്യയിൽ നിന്ന് അന്താരാഷ്‌ട്ര യാത്രകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, യുഎസ്, യുകെ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് പരിശോധനയിൽ വർധനവുണ്ടായി. മെൽബൺ, അഡ്‌ലെയ്ഡ്, സിഡ്‌നി തുടങ്ങിയ ഓസ്‌ട്രേലിയൻ നഗരങ്ങളിലേക്കുള്ള അന്വേഷണങ്ങൾ ഈ മാസം 15 മുതൽ 20 ശതമാനം വരെ ഉയർന്നു. അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്നതും ലോകമെമ്പാടുമുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതുംകൂടുതൽ പേർ വിദേശ യാത്രയ്ക്കായി തിരയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.