വാഷിംഗ്ടൺ: ദോക്ലാം വിഷയത്തില്‍ ഇന്ത്യ പക്വതയോടെയാണ് ഇടപെടുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ വക്താവ് ജയിംസ് ആര്‍ ഹോംസ്. കൗമാരക്കാരനായ ദുശ്ശാഠ്യക്കാരനെ പോലെയാണ് ചൈന പെരുമാറുന്നതെന്നും ജെയിംസ് ഹോംസ് കുറ്റപ്പെടുത്തി. “വിഷയത്തിൽ ന്യൂഡൽഹി ഇതുവരെ കൈക്കൊണ്ട നിലപാടുകൾ ശരിയായിരുന്നു. പ്രശ്നത്തിൽ നിന്ന് പിൻവാങ്ങുകയോ ചൈനയുടെ അതേ സ്വരത്തിൽ മറുപടി നൽകി പ്രശ്നങ്ങൾ വഷളാക്കുക്കാനോ ഇന്ത്യ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ സിക്കിം അരുണാചൽ മേഖലയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അരുണാചൽ മേഖലയിൽ 1400 കിലോമീറ്ററോളം ആണ് പുതിയതായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിലെ പ്രശ്നങ്ങൾ പഠിച്ചതിന് ശേഷമാണ് പുതിയ നീക്കം. അതീവ ജാഗ്രതാനിർദേശമാണ് സൈന്യത്തിന് നൽകിയിരിക്കുന്നത്.

സേനാവിന്യാസത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, എട്ട് ആഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലാമില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 350 -ഓളം സൈനികരാണ് ഈ ഭാഗത്തുള്ളത്.

കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മറ്റുമായി സൈനികരെ 9000 അടിവരെ ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്തു. വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ