ബെയ്ജിങ്: സിക്കിം അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷക്ക് തിരിച്ചടി. ഇന്ത്യൻ സൈന്യം അടിയന്തരമായി ദോക് ലാ മേഖലയിൽനിന്നു പിൻമാറണമെന്നും അതുവരെ യാതൊരുവിധ ഒത്തുതീർപ്പു ചർച്ചകൾക്കും തയാറല്ലെന്നും ചൈന വ്യക്തമാക്കി . ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിക്കിം അതിർത്തി പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്​. അവിടെ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയാറാവുന്നില്ല. ഇത്​ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്​ കാരണമാവുമെന്ന്​ ചൈനീസ്​ മാധ്യമമായ ഗ്ലോബൽ ടൈംസ്​ മുന്നറിയിപ്പ്​ നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്കില്ലെന്നും ചൈന വ്യക്​തമാക്കിയിട്ടുണ്ട്​.

ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ മൂന്നാഴ്ചയായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്. ചൈന ഇവിടെ സോംപെൽറി ഭാഗത്ത് റോഡ് നിർമാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്. ഭൂട്ടാൻ ഇതിനെ ആദ്യം എതിർത്തു. തൊട്ടു പിന്നാലെ ഇന്ത്യയും. ദോക് ലാ ഭാഗത്ത് ഉടൻ തന്നെ ഇന്ത്യ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു.

2013ലും 2014ലും സമാനമായ രീതിയിൽ ലഡാക്കിൽ അതിർത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ്​ നിലനിൽക്കുന്നതെന്ന്​ കരുതരുതെന്ന് ചൈന ചൂണ്ടിക്കാട്ടുന്നു​. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ്​ അന്ന്​ പ്രശ്​നങ്ങൾ പരിഹരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ